ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ടിന് ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം!

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരടി’ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. മെയ് 14-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസിന് മുമ്പ് തന്നെ ട്രെയിലറുകളും പ്രൊമോഷൻ സാമഗ്രികളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതും ചിത്രത്തിന് അനുകൂലമായി മാറി.

മെയ് 13-ന് വിവിധ രാജ്യങ്ങളിലായി സംഘടിപ്പിച്ച പെയ്ഡ് പ്രീമിയർ ഷോകൾ ചിത്രത്തിന്റെ ഹൈപ്പിനെ കൂടുതൽ ഉയർത്തി. പ്രീമിയറുകളിൽ നിന്ന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആദ്യദിന കളക്ഷനിൽ നിർണായക സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തൽ. നിലവിലെ കണക്കുകൾ പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 10.54 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 7.04 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ നിന്നും 3.50 കോടി രൂപ വിദേശ വിപണികളിൽ നിന്നുമാണ് ലഭിച്ചിരിക്കുന്നത്.

പക്കാ മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടൈനർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം. ‘മിന്നൽ മുരളി’യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളായും ചിത്രത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന ‘സാം ബോയ്’ എന്ന കോളേജ് വിദ്യാർത്ഥിയും ടൊവിനോ തോമസിന്റെ ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകനുമാണ് ചിത്രത്തിലെ പ്രധാന ആകർഷണങ്ങൾ. വിനീത് ശ്രീനിവാസൻ സ്വാഭാവിക ശൈലിയിലുള്ള കഥാപാത്രത്തോടെയാണ് എത്തുന്നത്. റിയ ഷിബു അവതരിപ്പിക്കുന്ന സ്വാതി ആർ കൃഷ്ണ എന്ന നായികാ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

താരങ്ങളുടെ വ്യത്യസ്തമായ വേഷപ്പകർച്ചയും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. ബേസിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുമ്പോൾ ടൊവിനോ പൂർണമായും മാസ്സ് ഗെറ്റപ്പിലാണ് എത്തുന്നത്. ‘മിന്നൽ മുരളി’യ്ക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘അതിരടി’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഷാൻ റഹ്മാനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേനലവധി കാലത്ത് കുടുംബസമേതം ആഘോഷമായി കാണാവുന്ന ഫെസ്റ്റിവൽ സിനിമ എന്ന രീതിയിലാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ട്രെയിലറും ടീസറും നൽകിയ ആവേശം തീയേറ്ററുകളിലും അതേ രീതിയിൽ നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ആദ്യ ദിന കളക്ഷനും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ കൂടുതൽ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.