കയ്ച്ചോ?ഇല്ലേൽ ബാ..തുച്ഛമായ വിലയ്ക്ക് മ്മളെ കോയിക്കോട് ഇനി എന്തും “കയ്ക്കാ”

ഇനി കോഴിക്കോടുകാരുടെ വയറും നിറയും ഒപ്പം മനസ്സും.ഹോട്ടലുകളിൽ ബാക്കിവരുന്ന നല്ല ഒന്നാന്തരം ഭക്ഷണം 60 മുതൽ 80 ശതമാനം വരെ വമ്പിച്ച വിലക്കുറവിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ ‘കയ്ക്ക’
എന്ന അടിപൊളി ആപ്പുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ.

ഇറ്റലിയിലെ പഠനത്തിനിടയിൽ കണ്ടറിഞ്ഞ ഈ സൂപ്പർ ഐഡിയ സ്വന്തം നാട്ടിലും നടപ്പിലാക്കുകയാണ് കുറ്റിക്കാട്ടൂർ സ്വദേശി വി. മുഹമ്മദ് നിഹാലും ആരാമ്പ്രം സ്വദേശിനി കെ.പി. ഹിബ നൗറിനും.
കോഴിക്കോട്ടെ 40-ഓളം പ്രമുഖ ഹോട്ടലുകൾ ഇതിനോടകം ഈ ആപ്പിന്റെ ഭാഗമായി കഴിഞ്ഞു.ഹോട്ടലുകളിൽ ഭക്ഷണസമയം കഴിയാറാകുമ്പോൾ ലഭ്യമായ ഫുഡ് വമ്പിച്ച ഡിസ്‌കൗണ്ടിൽ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും.

സ്മോൾ, മീഡിയം, ലാർജ് അളവുകളിലുള്ള ‘മാജിക് പാക്കുകളായാണ്’ ഇത് ലഭിക്കുക. പാക്കിനുള്ളിൽ എന്താണെന്ന് നേരത്തെ അറിയാൻ പറ്റില്ലെങ്കിലും, നിങ്ങൾ കൊടുക്കുന്ന പൈസയേക്കാൾ ഡബിൾ മൂല്യമുള്ള മികച്ച ഭക്ഷണം തന്നെയുണ്ടാകും.ഭക്ഷണം ബുക്ക് ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഹോട്ടലിൽ നേരിട്ടെത്തി വാങ്ങാം.

വീട്ടിൽ നിന്ന് മാറി കോഴിക്കോട്ട് താമസിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇതൊരു വലിയ ആശ്വാസമായിരിക്കും എന്നതിൽ സംശയമില്ല. ഭക്ഷണം പാക്ക് ചെയ്ത സമയവും കഴിക്കേണ്ട സമയവും കൃത്യമായി രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷയും ഇവർ ഉറപ്പുനൽകുന്നുണ്ട്.
നിഹാലിന്റെ സഹോദരൻ വി. സനൂജ് റഹ്മാൻ, കെ. റനിയ നസ്റീൻ, അതുൽ നൗഷാദ്, മൂസ എന്നിവരും ഈ സംരംഭത്തിന് പിന്നിലുണ്ട്. ആപ്പ് ഉടൻ തന്നെ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *