അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഹാസ്യത്തിന്റെ ചരടില്‍ കോര്‍ത്ത് മൂര്‍ച്ചയേറിയ ഭാഷയില്‍ വിമര്‍ശിക്കുന്ന പുത്തന്‍ കോമഡി സറ്റയര്‍ ചിത്രം ‘സുധിപുരാണം’ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ എ.ബി.സി ടാക്കീസിലൂടെ ഡിജിറ്റല്‍ റിലീസ് ചെയ്തു. ‘എഫ്.ജി.എഫ്.എം’ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചലച്ചിത്രമാണിത്.
ചിരിയും ചിന്തയും ഉണര്‍ത്തുന്ന കഥാപശ്ചാത്തലം സിനിമ സംവിധാനം ചെയ്യണമെന്ന കടുത്ത മോഹവുമായി നടക്കുന്ന സുധീഷ് രവീന്ദ്രന് എന്ന യുവാവാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. സ്വന്തം കഴിവില്‍ വിശ്വസിക്കുന്നതിനേക്കാള്‍, വേഗത്തില്‍ പ്രശസ്തനാകാന് വേണ്ടി അവന് ചില അന്ധവിശ്വാസങ്ങളുടെ കെണിയില്‍ വീഴുന്നു. ഒരു മന്ത്രവാദിയുടെ സഹായത്തോടെ ഒരു ‘ചാത്തന്റെ പ്രതിമ’ സ്വന്തമാക്കാന്‍ സുധീഷ് ശ്രമിക്കുന്നതും, തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തികച്ചും രസകരവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെ ദൃശ്യവല്‍ക്കരിക്കുന്നത്.
‘പാരനോര്‍മല്‍ പ്രൊജക്റ്റ്’, ‘റോട്ടന്‍ സൊസൈറ്റി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോണ്സണ്, രമേഷ് ആറ്റുകാല്‍, അരുണ്‍ എന്നിവര്‍ക്കൊപ്പം എഫ്.ജി.എഫ്.എം സംഘടനയിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.
എസ്.എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ സിനിമയുടെ സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുന്നത് ദിപിന് എ.വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം. സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനായ എസ്.എസ് ജിഷ്ണു ദേവ് ആണ്. പബ്ലിസിറ്റി ഡിസൈന്‍ പ്രജിന് ഡിസൈന്‍സ്,പി ആര് ഓ അജയ് തുണ്ടത്തില്‍.
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ലളിതവും ആസ്വാദ്യകരവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ‘സുധിപുരാണം’ ഇപ്പോള്‍ തന്നെ എ.ബി.സി ടാക്കീസില്‍ ലഭ്യമാണ്. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാന്‍ പറ്റിയ ഒരു മികച്ച സറ്റയര്‍ ചിത്രമാണിത്.





