തിയേറ്ററുകളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച ‘ഗു’ ഒടുവിൽ ഡിജിറ്റൽ സ്ക്രീനുകളിലേക്ക് എത്തുന്നു. ‘മാളികപ്പുറം’ ഫെയിം ദേവനന്ദയും സൈജു കുറുപ്പുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും എത്തുന്നുണ്ട്.
മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊപ്പം എത്തുന്ന ‘മിന്ന’ എന്ന കൊച്ചുപെൺകുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും കഥയാണിത്. എന്നാൽ ആ അവധിക്കാലം അവർക്ക് സമ്മാനിക്കുന്നത് സാധാരണ അനുഭവങ്ങളല്ല. ആ തറവാട്ടിൽ അവരെ കാത്തിരുന്ന അസാധാരണവും നിഗൂഢവുമായ ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രം ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, ദേവനന്ദ, നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, അശ്വതി മനോഹരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം രാധാകൃഷ്ണനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ജോനാഥൻ ബ്രൂസിന്റെ പശ്ചാത്തല സംഗീതവും ചന്ദ്രകാന്ത് മാധവന്റെ മനോഹരമായ ഛായാഗ്രഹണവും ചിത്രത്തിന് ഭയത്തിന്റെയും ഫാന്റസിയുടെയും വേറിട്ടൊരു അന്തരീക്ഷം നൽകുന്നു.





