കടൽവെള്ളം ഇനി കുടിവെള്ളം

വിപ്ലവകരമായ മാറ്റവുമായി സൗരോർജ സാങ്കേതികവിദ്യ
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ആഗോള സാഹചര്യത്തിൽ, കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റാൻ പുതിയ വഴികളൊരുക്കി ശാസ്ത്രലോകം.

യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത അത്യാധുനിക സൗരോർജ സാങ്കേതികവിദ്യ, കടലിനെ ആശ്രയിച്ചുള്ള ജലലഭ്യതയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ മെറ്റൽ പാനലുകളാണ് ഈ സംവിധാനത്തിന്റെ ഹൃദയം. മുൻപ് സോളാർ ഡിസാലിനേഷൻ സംവിധാനങ്ങളിൽ നേരിട്ടിരുന്ന ഉപ്പും ധാതുക്കളും അടിഞ്ഞുകൂടി പാനലുകൾ കേടാകുന്ന പ്രശ്നത്തെ, ‘സൂപ്പർവിക്കിങ്’ പ്രതലങ്ങൾ ഉപയോഗിച്ച് ഈ സാങ്കേതികവിദ്യ പരിസ്ഥിതി സൗഹൃദമായി മറികടക്കുന്നു.

പരിസ്ഥിതിക്ക് ദോഷകരമായ ലവണാംശമുള്ള ദ്രാവകം അവശേഷിപ്പിക്കാതെ വെള്ളത്തെ ശുദ്ധീകരിക്കാൻ സാധിക്കുമെന്നതിനൊപ്പം, വേർതിരിച്ചെടുക്കുന്ന ലിഥിയം പോലുള്ള ധാതുക്കൾ ബാറ്ററികളുടെ നിർമ്മാണത്തിനും ഉപയോഗിക്കാം എന്നത് ഈ കണ്ടുപിടുത്തത്തെ കൂടുതൽ സവിശേഷമാക്കുന്നു. ‘ലൈറ്റ്: സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്’, ‘ജേണൽ ഓഫ് മെറ്റീരിയൽസ് കെമിസ്ട്രി എ’ എന്നീ ശാസ്ത്രജേണലുകളിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *