ചരിത്രത്തിൽ സ്വന്തം അജണ്ടകൾ കലർത്തരുത്; ജനവികാരത്തിന് മുന്നിൽ തലകുനിച്ച് NCERT

സിന്ധുനദീതട സംസ്കാരത്തിന്റെ പ്രതീകമായ, മോഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത ‘ഡാൻസിങ് ഗേൾ’ എന്ന വെങ്കല ശിൽപ്പത്തെക്കുറിച്ച് നമ്മളിൽ ഭൂരിഭാഗം പേരും സ്കൂളിൽ പഠിച്ചിട്ടുണ്ടാകും. ഏകദേശം അയ്യായിരത്തോളം വർഷം പഴക്കമുള്ള, നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഒരു ചരിത്ര സ്മാരകമാണത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ശിൽപ്പവുമായി ബന്ധപ്പെട്ട് NCERT വരുത്തിയ മാറ്റങ്ങൾ വലിയ ചർച്ചയായിരുന്നു.
ഒൻപതാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഈ ശിൽപ്പത്തിന്റെ യഥാർത്ഥ രൂപം മാറ്റി, ശരീരഭാഗങ്ങളിൽ എഡിറ്റിങ്ങിലൂടെ കറുത്ത ഷേഡിങ് നൽകി വസ്ത്രം ധരിപ്പിച്ചത് പോലെ വികലമാക്കിയായിരുന്നു NCERT ഉൾപ്പെടുത്തിയത്.

“കുട്ടികളുടെ പ്രായത്തിന് അനുയോജ്യമല്ല” എന്ന വിചിത്രമായ ന്യായീകരണമാണ് ഇതിന് അവർ നൽകിയത്. വിക്ടോറിയൻ കാലഘട്ടത്തിലെ ധാർമ്മികബോധം മനസ്സിൽ വെച്ചുകൊണ്ട് നമ്മുടെ പുരാതന ചരിത്രത്തെ സെൻസർ ചെയ്യാൻ ശ്രമിച്ച ഈ നടപടി വലിയ കഷ്ടമാണ്.നമ്മുടെ പുരാതനമായ കലകളും രീതികളും ആചാരങ്ങളുമൊക്കെ എന്താണോ, അത് അതേപടി തന്നെ പുസ്തകങ്ങളിൽ വരണം. അന്നത്തെ ജനങ്ങളുടെ ജീവിതരീതിയും വസ്ത്രധാരണവും കലയുമൊക്കെ കുട്ടികൾ മനസ്സിലാക്കേണ്ടത് അതിന്റെ തനിമയോട് കൂടിയാണ്. അല്ലാതെ, ഇന്നത്തെ കാലത്തെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ചരിത്ര വസ്തുതകളെ എഡിറ്റ് ചെയ്യാനും ഒളിച്ചുവെക്കാനും ശ്രമിക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന വലിയൊരു ചതിയാണ്.

ചരിത്രത്തെയും സംസ്കാരത്തെയും ഇത്തരത്തിൽ വികലമാക്കുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർന്നത്. ചരിത്രകാരന്മാരും അധ്യാപകരും പൊതുജനങ്ങളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു.
എന്തായാലും, ഈ ശക്തമായ ജനവികാരത്തിന് മുന്നിൽ NCERT-ക്ക് ഒടുവിൽ തിരുത്തൽ വരുത്തേണ്ടി വന്നിരിക്കുകയാണ്. പാഠപുസ്തകത്തിലെ ആ എഡിറ്റ് ചെയ്ത ചിത്രം മാറ്റി, ശിൽപ്പത്തിന്റെ യഥാർത്ഥ രൂപം തന്നെ ഇനി ഉൾപ്പെടുത്തുമെന്ന് NCERT ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.നമ്മുടെ ചരിത്രവും ആചാരങ്ങളും അതിന്റെ പൂർണ്ണതയോടെയും തനിമയോടെയും തന്നെ കുട്ടികൾ പഠിക്കട്ടെ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *