‘കെജിഎഫ്’, ‘കാന്താര’, ‘സലാർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ അടുത്ത ബിഗ് ബജറ്റ് ചിത്രവുമായി എത്തുന്നു. ഇതോടെ പ്രഭാസ്, യഷ്, ഋഷഭ് ഷെട്ടി എന്നിവർക്ക് ശേഷം ഹോംബാലെയുടെ നിരയിലേക്ക് തെന്നിന്ത്യൻ താരം സൂര്യ എത്തുകയാണ്.
തെന്നിന്ത്യയിൽ വൻ ചർച്ചയായ ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം സൂര്യയും സംവിധായകൻ ടി.ജെ. ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പുതിയ സിനിമയുടെ പൂജ ഇന്ന് ഔദ്യോഗികമായി നടന്നു. സൂര്യയും ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന ആദ്യ പ്രോജക്റ്റ് കൂടിയാണിത്.
ഒരു മാസ്സ് പൊളിറ്റിക്കൽ കോർട്ട് റൂം ഡ്രാമയായിരുന്ന ‘ജയ് ഭീം’ കോവിഡ് പ്രതിസന്ധികൾ കാരണം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്തതെങ്കിലും ആഗോളതലത്തിൽ വൻ പ്രശംസ നേടിയിരുന്നു. എന്നാൽ പുതിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
‘കറുപ്പ്’ തരംഗത്തിന് പിന്നാലെ മറ്റൊരു വമ്പൻ പ്രോജക്റ്റ്
സൂര്യയുടെ കരിയറിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവിനാണ് തമിഴ് സിനിമ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പ്’ ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷൻ നേടി കുതിക്കുകയാണ്. ‘സിങ്കം 2’-ന്റെ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്.
2024-ൽ പുറത്തിറങ്ങിയ ‘കങ്കുവ’, 2025-ലെ ‘റെട്രോ’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ സൂര്യ ആരാധകർ വലിയ നിരാശയിലായിരുന്നു. കൂടാതെ ‘സൂരരൈ പോട്ര്’, ‘ജയ് ഭീം’ തുടങ്ങിയ മികച്ച ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാതെ ഒടിടിയിലേക്ക് പോയതും വലിയ സങ്കടമായിരുന്നു. എന്നാൽ ‘കറുപ്പ്’ തീയേറ്ററുകളിൽ ഉണ്ടാക്കിയ വൻ വിജയത്തിന് പിന്നാലെ, ഹോംബാലെ ഫിലിംസിനൊപ്പമുള്ള ഈ പുതിയ പ്രഖ്യാപനം സൂര്യ ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.





