മലയാള സിനിമയ്ക്ക് ലോകവേദിയില്‍ ചരിത്ര നേട്ടം!അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ‘റോട്ടന്‍ സൊസൈറ്റി’

മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒരു അപൂര്‍വ നേട്ടം കൂടി. തികച്ചും പരീക്ഷണാത്മക ശൈലിയില്‍ ഒരുങ്ങിയ ‘റോട്ടന്‍ സൊസൈറ്റി’ എന്ന ചിത്രം ആഗോളതലത്തില്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്.ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചര്‍ ഫിലിം എന്ന റെക്കോര്‍ഡോടെ ചിത്രം പ്രശസ്തമായ അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ്.

അന്താരാഷ്ട്ര തലത്തിലെ ഈ വമ്പന്‍ നേട്ടത്തിന് പിന്നാലെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങള്‍ക്കായി ആഗോളതലത്തില്‍ ശ്രദ്ധേയരായ പ്രമുഖ അമേരിക്കന്‍ ഒ.ടി.ടി. വിതരണ കമ്പനിയായ ‘പി.ഒ.വി. ഹൊറര്‍’ വഴി ജൂലൈ 19-ന് ചിത്രം റിലീസ് ചെയ്യും.

എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ‘റോട്ടന്‍ സൊസൈറ്റി’ ഒരു പക്കാ സോഷ്യല്‍ സറ്റയര്‍-ത്രില്ലര്‍ ചിത്രമാണ്. മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഫൗണ്ട് ഫൂട്ടേജ്’ ശൈലിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
അപ്രത്യക്ഷനാകുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടറെയും അയാളുടെ ഡിജിറ്റല്‍ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ക്യാമറ യാദൃച്ഛികമായി ഒരു ഭ്രാന്തന്റെ കൈകളില്‍ അകപ്പെടുന്നു.തുടര്‍ന്ന് ആ ഭ്രാന്തന്‍ കഥാപാത്രത്തിന്റെ ക്യാമറക്കണ്ണിലൂടെയാണ് അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെയും, അധികാര വര്‍ഗത്തിന്റെ രാഷ്ട്രീയ നാടകങ്ങളെയും മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളോടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്.

വലിയ ലൈറ്റിംഗ് സംവിധാനങ്ങളോ സ്ഥിരം സിനിമാറ്റിക് ഫോര്‍മുലകളോ ഇല്ലാതെ തികച്ചും ‘റോ’ ആയാണ് ഇതിലെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരമില്ലാതെ, സ്വാഭാവിക ശബ്ദങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈന്‍ ഡാനിയേല്‍, ജലതാ ഭാസ്‌കരന്‍ എന്നിവരാണ് കോ-പ്രൊഡ്യൂസര്‍മാര്‍. ടി. സുനില്‍ പുന്നക്കാട്, പ്രിന്‍സ് ജോണ്‍സണ്‍, സ്‌നേഹല്‍ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ്. കുമാര്‍, ജിനു സെലിന്‍, അഭിഷേക് ശ്രീകുമാര്‍, ആറ്റുകാല്‍ രമേശ്, ശിവപ്രസാദ് ജി, സുരേഷ് കുമാര്‍ തുടങ്ങി ഒരു വലിയ പുതുമുഖ-താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *