ഓഹരി വിപണിയിൽ എഐ തകർച്ച!

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെമികണ്ടക്ടര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയാണ്. പ്രമുഖ സൂചികയായ ‘കോസ്പി’യിലാണ് ഈ ഇടിവ് പ്രകടമായിരിക്കുന്നത്. പ്രമുഖ കമ്പനികളായ എസ്‌കെ ഹൈനിക്‌സിന്റെ ഓഹരികള്‍ 15.37 ശതമാനവും സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 10.7 ശതമാനവും ഇടിഞ്ഞതോടെ വിപണി ഔദ്യോഗികമായി ഒരു ‘ബെയര്‍ മാര്‍ക്കറ്റിലേക്ക്’ കൂപ്പുകുത്തി.

ലാഭമെടുപ്പും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നതെങ്കിലും, ഒരു പ്രത്യേക മേഖലയിലേക്ക് മാത്രം നിക്ഷേപകര്‍ ഇരച്ചുകയറിയതും പ്രതീക്ഷകള്‍ അതിരുകടന്നതുമാണ് യഥാര്‍ത്ഥ പ്രതിസന്ധിക്ക് പിന്നിലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
എന്നാൽ വിപണി തകര്‍ന്നുവെങ്കിലും കമ്പനികളുടെ സാമ്പത്തിക നില ഭദ്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ മാത്രം ദക്ഷിണ കൊറിയയുടെ സെമികണ്ടക്ടര്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധിച്ച് 1,07,520 കോടി രൂപയിലെത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനികള്‍ക്ക് ലഭിച്ചേക്കാവുന്ന വളര്‍ച്ച മുന്നില്‍ക്കണ്ട് ഇപ്പോഴേ ഉയര്‍ന്ന വില കൊടുത്ത് ഓഹരികള്‍ വാങ്ങിക്കൂട്ടിയ നിക്ഷേപകർക്ക്, പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞ വളര്‍ച്ച ഉണ്ടായത് വലിയ നിരാശയായി മാറുകയായിരുന്നു.
കടമെടുത്ത് ഓഹരി വിപണിയില്‍ പണമിറക്കുന്ന പ്രവണത കൊറിയന്‍ വിപണിയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് ഈ വര്‍ഷം ആദ്യം സർവകാല റെക്കോർഡിലെത്തിയ കോറു ഇടിഎഫിന്റെ വില മൂന്നിലൊന്നായി ചുരുങ്ങിയതാണ്.

ചെറുകിട നിക്ഷേപകര്‍ കടമെടുത്ത് വന്‍തോതില്‍ പണമിറക്കിയതിനെ തുടർന്ന് ലക്ഷക്കണക്കിന് റീട്ടെയിൽ അക്കൗണ്ടുകൾക്കാണ് ‘മാർജിൻ കോൾ’ വന്നത്. ഇതില്‍ പണം അടക്കാന്‍ കഴിയാതിരുന്ന ലക്ഷക്കണക്കിന് അക്കൗണ്ടുകളിലെ ഓഹരികള്‍ ബ്രോക്കര്‍മാര്‍ നിര്‍ബന്ധിതമായി വിറ്റൊഴിവാക്കുകയും ചെയ്തു. കോസ്പി സൂചികയുടെ വലിയൊരു ഭാഗവും സാംസങ്, എസ്‌കെ ഹൈനിക്‌സ് എന്നീ രണ്ട് കമ്പനികളെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതും കൊറിയൻ വിപണിയുടെ ഈ പെട്ടെന്നുള്ള തകർച്ചയ്ക്ക് ആക്കം കൂട്ടി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *