നീതിക്കായി കാക്കി വേഷത്തിൽ പാർവതി തിരുവോത്ത് വീണ്ടുമെത്തുന്നു. 11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ വളരെ റിയലിസ്റ്റിക്കായി ഒരുക്കിയിരിക്കുന്ന ഈ ത്രില്ലർ ചിത്രം കഥയുടെ കെട്ടുറപ്പുകൊണ്ടും അവതരണ ശൈലികൊണ്ടും ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
മികച്ചൊരു കഥാപാത്രവുമായി പാർവതി തിരുവോത്ത് വീണ്ടും കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒപ്പമുണ്ട്.
വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അണിനിരക്കുന്നുണ്ട്. പി.എസ്. സുബ്രഹമണ്യവും വിജേഷ് തോട്ടുങ്കലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ അണിയറയിലും മികച്ച പ്രതിഭകളുടെ വലിയ നിരതന്നെയുണ്ട്. മുജീബ് മജീദ് സംഗീതവും റോബി രാജ് ഛായാഗ്രഹണവും നിർവ്വഹിക്കുമ്പോൾ എഡിറ്റിംഗ് ചമൻ ചാക്കോയാണ് കൈകാര്യം ചെയ്യുന്നത്. മഹേഷ് മോഹൻ കലാസംവിധാനവും അമൽ മേക്കപ്പും സമീരാ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു.
ബേബി പണിക്കർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറാകുന്ന ചിത്രത്തിന്റെ സ്റ്റിൽസ് റിജാഷ് മുഹമ്മദും ലൈൻ പ്രൊഡക്ഷൻ ദീപകും കൈകാര്യം ചെയ്യുന്നു. എൽദോ ജോൺ, ഫഹദ് (അപ്പു) എന്നിവരാണ് പ്രൊഡക്ഷൻ മാനേജർമാർ. പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരിയും പി.ആർ.ഒ. വാഴൂർ ജോസുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.





