സഞ്ജുവിന് ഇരട്ടത്താപ്പോ?

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര വിജയത്തിന് ശേഷവും ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ അടങ്ങുന്നില്ല, വിഷയമാകട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനവും. ഒരു വശത്ത് യുവതാരം വൈഭവ് സൂര്യവംശിയുടെ മിന്നുന്ന ഫോമും മറു വശത്ത് പരാജയപ്പെട്ടിട്ടും അഭിഷേക് ശർമയ്ക്ക് ലഭിക്കുന്ന അതിരറ്റ പിന്തുണയും ആരാധകരെയും ക്രിക്കറ്റ് പണ്ഡിറ്റുകളെയും ഒരുപോലെ ചൊടിപ്പിക്കുന്നുണ്ട്.

തുടർച്ചയായി ഫോം ഔട്ടാകുന്ന അഭിഷേകിനെ ടീം മാനേജ്മെന്റ് നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ സഞ്ജുവിനോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ കൃഷ്ണമചാരി ശ്രീകാന്തും താരം ഹനുമ വിഹാരിയും

രംഗത്തെത്തിക്കഴിഞ്ഞു.
യൂട്യൂബ് ചാനലിലൂടെ ചോദ്യശരങ്ങൾ എറിഞ്ഞ ഹനുമ വിഹാരി, കണക്കുകൾ നിരത്തിയാണ് അഭിഷേകിന് ലഭിക്കുന്ന ‘പ്രത്യേക പരിഗണന’യെ തുറന്നുകാട്ടിയത്. ലോകകപ്പിന് മുൻപ് അഞ്ച് മത്സരങ്ങളിൽ നിറംമങ്ങിയെന്ന പേരിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജു, പിന്നീട് മാസ് തിരിച്ചുവരവ് നടത്തി ടൂർണമെന്റിലെ താരമാകുന്നതാണ് നമ്മൾ കണ്ടത്.

എന്നാൽ എട്ട് മത്സരങ്ങളിൽ നിന്ന് ഒറ്റ അർധസെഞ്ചറി മാത്രം നേടിയ അഭിഷേകിന് ഒരു കുഴപ്പവുമില്ല. കഴിഞ്ഞ ആറ് ട്വന്റി-20 ഇന്നിങ്സുകളിൽ 2, 8, 1, 3, 16, 10 എന്നിങ്ങനെ മാത്രം സ്കോർ ചെയ്ത അഭിഷേക്, അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ ഉയർന്ന സ്കോർ 16 മാത്രമാണ്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളിലും അർധസെഞ്ചറി തികച്ച സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്യുന്നു. സമ്മർദഘട്ടങ്ങളിൽ ടീമിനെ ജയിപ്പിക്കാൻ പ്രാപ്തിയുള്ള സഞ്ജുവിനോടും അഭിഷേകിനോടും മാനേജ്മെന്റിന് എങ്ങനെയാണ് രണ്ട് നീതിയാകുന്നതെന്നാണ് വിഹാരിയുടെ ചോദ്യം.

സമാനമായ രീതിയിൽ കെ. ശ്രീകാന്തും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സഞ്ജുവിന് അർഹിച്ച അവസരങ്ങൾ നൽകാതെ, പൂർണ പരാജയമായ അഭിഷേകിനെ വീണ്ടും വീണ്ടും സംരക്ഷിക്കുന്നതിന്റെ യുക്തി എന്താണെന്ന് അദ്ദേഹം ആരായുന്നു. ഇതിനിടയിലാണ് വൈഭവ് സൂര്യവംശിയുടെ ഫോം സഞ്ജുവിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി മുൻ താരം ഇർഫാൻ പത്താൻ എത്തുന്നത്. ഒരാളുടെ സ്ഥാനം പിടിച്ചെടുത്താൽ വൈഭവ് അവരെ ആ വഴിക്ക് തിരികെ വരാൻ അനുവദിക്കില്ലെന്നാണ് പത്താന്റെ നിരീക്ഷണം. ഐർലൻഡ് പരമ്പരയിൽ സഞ്ജു മങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ വഴി തുറന്ന കിട്ടിയ വൈഭവ്, സിംബാബ്‌വെ പര്യടനത്തിൽ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് രണ്ട് അർധസെഞ്ചറിയടക്കം 185 റൺസാണ് അടിച്ചുകൂട്ടിയത്. ഇതോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ഓപ്പണിങ് സ്ലോട്ടിൽ സഞ്ജുവോ അതോ വൈഭവോ എന്ന വലിയ ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *