വിസ്‍മയ മോഹന്‍ലാലിന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ റിലീസിന് മുന്നോടിയായി അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മണിയോടെയാണ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ അതിഥിവേഷവും വിസ്മയയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിന് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചിരിക്കുന്നത്.
2018 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. “ഒരു കൊച്ചു കുടുംബചിത്രം” എന്ന വിശേഷണത്തോടെയാണ് സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, അതിലുപരി ചില സര്‍പ്രൈസുകള്‍ ചിത്രം കരുതിവെച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ജേക്സ് ബിജോയ് സംഗീതവും ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘തുടക്കം’ റിലീസിന് മുന്നോടിയായി മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ ചിത്രം എങ്ങനെയൊരു സ്വീകരണം നേടുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.





