പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ വാട്ടർ കൂളറിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തിയതായി സിഎജി റിപ്പോർട്ട്. രാജ്യത്തെ മറ്റ് എട്ട് സ്റ്റേഷനുകളിലെ കുടിവെള്ളത്തിലും ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 49 സ്റ്റേഷനുകളിലെ കുടിവെള്ള സാമ്പിളുകളിൽ മാലിന്യം കലർന്നതായും പരിശോധനയിൽ കണ്ടെത്തി.
പാലക്കാട് സ്റ്റേഷനിലെ വാട്ടർ ടാങ്ക് പൂർണമായി മൂടിയിട്ടില്ലെന്നും ടാങ്കിനോട് ചേർന്ന മരത്തിൽ പക്ഷികളും വവ്വാലുകളും തങ്ങുന്നതായും റിപ്പോർട്ടിലുണ്ട്. മഴക്കാലത്ത് യാത്രക്കാർ നനയുന്ന തരത്തിൽ പ്ലാറ്റ്ഫോമുകൾക്കിടയിൽ മേൽക്കൂരയില്ലാത്തതും ആലുവ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകളിലെ ചില ഫാനുകളും വാട്ടർ കൂളറുകളും പ്രവർത്തിക്കാത്തതും സിഎജി ചൂണ്ടിക്കാട്ടി.
അതേസമയം, ഉത്തരേന്ത്യൻ സ്റ്റേഷനുകളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റേഷനുകൾ വൃത്തിയുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.





