നീലക്കുറിഞ്ഞി പൂത്തുതുടങ്ങി; മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക്

മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. വിവിധ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങിയതോടെയാണ് ഓണാവധിക്ക് മുന്നോടിയായി തന്നെ സഞ്ചാരികൾ മൂന്നാറിലെത്തുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്.

നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ്പ് റോഡ്, ചൊക്രമുടി തുടങ്ങിയ മേഖലകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ കുറിഞ്ഞി പൂക്കുമെന്നാണ് പ്രതീക്ഷ. ഓണാവധി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ചിത്രങ്ങളെടുത്ത ശേഷം നീലക്കുറിഞ്ഞി ചെടികളും പൂക്കളും പറിച്ചുകൊണ്ടുപോകുന്നത് പതിവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. ചെടികളും പൂക്കളും നശിപ്പിക്കുന്നത് 25,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ചർ ഇ.ഡി. അരുൺകുമാർ അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *