മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം; സുപ്രീം കോടതി

മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി, അവരെ അവഗണിക്കുന്ന മക്കളെയും കുടുംബാംഗങ്ങളെയും സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

വാർധക്യത്തിൽ അവഗണനയും അരക്ഷിതാവസ്ഥയും അപമാനവും നേരിടുന്നത് ഒഴിവാക്കുന്നതിനാണ് 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം കൊണ്ടുവന്നതെന്ന് കോടതി വ്യക്തമാക്കി. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചാണ് നിയമം വ്യാഖ്യാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

മുതിർന്നവർക്ക് ലഭിക്കുന്ന അന്തസ്സും ബഹുമാനവും സുരക്ഷയും ഒരു പരിഷ്കൃത സമൂഹത്തിന്റെ അളവുകോലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഉത്തർപ്രദേശ് സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ 81 വയസുള്ള മാതാവിന്റെ സംരക്ഷണത്തിനായി മകനെതിരെ നൽകിയ കേസിലാണ് വിധി. രവികാന്ത് വാങ്ങിയ വീട്ടിൽ മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നു. എന്നാൽ കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ വീട്ടിൽനിന്ന് മാറ്റി വയോജന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

തുടർന്ന് രവികാന്ത് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ സമീപിക്കുകയും മകനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി.

ഇതിനെതിരെ രവികാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, വൃദ്ധമാതാവിനെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ അനുമതി നൽകി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *