കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും അയൽവാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ. രണ്ട് വർഷം മുൻപാണ് കുടുംബം കൊല്ലത്ത് നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. തുടർന്ന് സ്ഥലമുടമയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
രണ്ട് പെൺമക്കൾക്കായി 10 സെന്റ് സ്ഥലത്ത് വീടുകൾ നിർമിക്കുന്നതിനിടെയാണ് കുടുംബം കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്. പണിക്കാർക്ക് വെള്ളം നൽകാനായി എത്തുമ്പോൾ മാത്രമാണ് കൊല്ലപ്പെട്ട ഗൃഹനാഥനെ കണ്ടിരുന്നതെന്ന് അയൽവാസികൾ പറയുന്നു.
കുടുംബം പ്രദേശത്തെത്തിയ സമയത്തും പിന്നീട് വീടുപണി ആരംഭിച്ചപ്പോഴും അയൽവാസികളുമായി കാര്യമായ ബന്ധം സ്ഥാപിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ ആരും തന്നെ നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് സമീപവാസികളുടെ മൊഴി.
തന്റെ വാർഡിൽ ഈ കുടുംബവുമായി മാത്രമാണ് കാര്യമായ പരിചയമില്ലാതിരുന്നതെന്ന് പഞ്ചായത്തംഗവും പറയുന്നു. അടുപ്പം സ്ഥാപിക്കാനുള്ള അവസരങ്ങൾ കുടുംബം മനഃപൂർവം ഒഴിവാക്കിയിരുന്നുവെന്നും എന്തെങ്കിലും ആവശ്യത്തിന് വീട്ടിലെത്തിയാൽ പോലും പലപ്പോഴും വാതിൽ തുറക്കാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.





