യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ?; ആക്രമണ തന്ത്രത്തിലേക്ക് നീക്കമെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യയിലെ അമേരിക്ക-ഇറാൻ സംഘർഷം തുടരുകയാണെങ്കിൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാൻ സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഫിനാൻഷ്യൽ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനിക തന്ത്രം പ്രതിരോധത്തിൽ നിന്ന് ആക്രമണാത്മക നിലപാടിലേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.

സൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളവും തെക്കുകിഴക്കൻ യൂറോപ്പിലെ ബൾഗേറിയയിലെ ബെസ്മർ എയർ ബേസും ഇറാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലുണ്ടെന്നാണ് സൂചന. ഈ വർഷം മാർച്ചിൽ ഇറാന്റെ പ്രധാന സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ബൾഗേറിയയും ഇറാന്റെ പ്രതികാരപട്ടികയിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും സൈനിക പ്രവർത്തനങ്ങൾ നടത്താനും ബൾഗേറിയ അനുമതി നൽകിയതും ഇതിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.

ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കവും സമാധാന ചർച്ചകൾ വഴിമുട്ടിയതുമാണ് നിലവിലെ സംഘർഷത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ പുതിയ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് മാപ്പ് പങ്കുവച്ചതും ഇറാനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, യു.എൻ അംഗീകരിച്ച ഒമാൻ റൂട്ടിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നത് ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം കുറയാൻ ഇടയാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് ആവർത്തിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *