യുഎസ് ഉപരോധത്തിനെതിരെ ഇറാൻ; ‘സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി’

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിനെതിരെ രൂക്ഷ വിമർശനവുമായി ടെഹ്റാൻ. അമേരിക്കയുടെ നടപടി ഇറാനെ മാത്രം ബാധിക്കുന്നതല്ലെന്നും എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും പരമാധികാരത്തിന് ഭീഷണിയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഘേയി പറഞ്ഞു. ഇത്തരം ഉപരോധങ്ങൾ കോളനിവത്കരണത്തിന്റെ തിരിച്ചുവരവിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിനപ്പുറമാണ് യുഎസ് നടപടികളെന്നും ബാഘേയി ആരോപിച്ചു. ഇറാനുമായി മറ്റ് രാജ്യങ്ങളിലെ സർക്കാരുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ എങ്ങനെ ഇടപെടണമെന്ന് അമേരിക്ക നിർദേശിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് സമ്മർദത്തിന് വഴങ്ങുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളിലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു സ്വതന്ത്ര രാജ്യത്തെ സ്ഥാപനങ്ങൾക്ക് മേൽ ചുമത്തുന്ന ദ്വിതീയ ഉപരോധങ്ങൾക്ക് അന്താരാഷ്ട്ര നിയമത്തിൽ അടിസ്ഥാനമില്ലെന്നും ബാഘേയി വ്യക്തമാക്കി. ഇത്തരം നടപടികൾ യുഎൻ ചാർട്ടറിന്റെ രണ്ടാം അനുച്ഛേദത്തിലെ ഒന്നാം ഖണ്ഡികയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമവിരുദ്ധവും തെറ്റായ നടപടിയുമാണെന്നും നാവിക ഉപരോധത്തിനൊപ്പം കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണി വർധിപ്പിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *