ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്ന ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ഒപ്പുവച്ചു. ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കൻ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു യുറേനിയം വിതരണ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി മൂന്ന് ‘സിസ്റ്റർ സിറ്റി’, ‘സിസ്റ്റർ സ്റ്റേറ്റ്’ കരാറുകൾക്കും ഇരുരാജ്യങ്ങളും അന്തിമരൂപം നൽകുന്നുണ്ട്. ഇത്തരം പങ്കാളിത്തങ്ങൾ രേഖകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗികമായി നടപ്പാക്കണമെന്നും അതിനായി കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഇന്ത്യയെ വിശ്വസ്തമായ തന്ത്രപ്രധാന പങ്കാളിയായാണ് കാണുന്നതെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷാവ്കത്ത് മിർസിയോയേവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരിത്രത്തിലാദ്യമായി 100 കോടി ഡോളർ കടന്നതായും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുൻപത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇരു രാജ്യങ്ങളിലെയും സംയുക്ത സംരംഭങ്ങളുടെ എണ്ണം ഏഴിരട്ടിയായി വർധിച്ചതായും പ്രസിഡൻ്റ് വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവും ഉസ്ബെക്കിസ്ഥാൻ നടത്തി. ഇന്ത്യൻ പൗരന്മാർക്ക് ഇനി ഉസ്ബെക്കിസ്ഥാനിൽ 30 ദിവസം വരെ വിസയില്ലാതെ കഴിയാം. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് നിലവിൽ ആഴ്ചയിൽ 14 നേരിട്ടുള്ള വിമാന സർവീസുകളുണ്ടെന്നും ഇതോടെ യാത്ര കൂടുതൽ എളുപ്പമായെന്നും മിർസിയോയേവ് പറഞ്ഞു.





