ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാനദിയിൽ ആവേശകരമായ തുടക്കം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മത്സരങ്ങളും ആരംഭിച്ചു.
ആയിരക്കണക്കിന് ജലമേള പ്രേമികൾ സാക്ഷ്യം വഹിക്കുന്ന ആവേശകരമായ കാഴ്ചകൾക്കാണ് പമ്പാതീരം ഇപ്പോൾ വേദിയാകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ പമ്പയിലൂടെ തിരുവോണത്തോണിയാണ് ആദ്യം നീങ്ങിയത്. കൃഷ്ണവേഷമണിഞ്ഞ ബാലനും തുഴച്ചിൽക്കാരും മങ്ങാട്ട് മഠത്തിലെ കാരണവന്മാരും ഉൾപ്പെടുന്ന സംഘമാണ് തിരുവോണത്തോണിയിൽ അണിനിരന്നത്. പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ജനങ്ങൾ ആർപ്പുവിളികളോടെയാണ് തിരുവോണത്തോണിയെ വരവേറ്റത്.
ജലഘോഷയാത്രയ്ക്ക് കൂടുതൽ വർണപ്പകിട്ടേകി വേലകളി വേഷധാരികളും മോഹിനിയാട്ടം അവതരിപ്പിക്കുന്ന കുട്ടികളും പ്രത്യേകം അലങ്കരിച്ച ചെങ്ങാടങ്ങളിൽ അണിനിരന്നു. പാരമ്പര്യവും ആഘോഷവും ആവേശവും ഒരുമിക്കുന്ന ജലമേളയിൽ ഇത്തവണ 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്.
പമ്പയുടെ ഇരുകരകളിലും ആവേശം നിറച്ച് പള്ളിയോടങ്ങൾ നീങ്ങുമ്പോൾ ആറന്മുള ഉത്രട്ടാതി ജലമേളയുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തുകയാണ്.





