ഗംഗയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു; വാരാണസിയിൽ പ്രളയഭീതി, 84 ഘാട്ടുകളും വെള്ളത്തിൽ

കനത്ത മഴ തുടരുന്നതിനിടെ വാരാണസിയിൽ ഗംഗാനദിയിലെ ജലനിരപ്പ് അപകട മുന്നറിയിപ്പ് പരിധിയിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച ജലനിരപ്പ് 69.40 മീറ്ററിലെത്തി. 70.262 മീറ്ററാണ് മുന്നറിയിപ്പ് പരിധി. 71.26 മീറ്ററിലെത്തിയാൽ അപകടനിലയായി കണക്കാക്കും. നിലവിൽ വാരാണസിയിലെ 84 ഘാട്ടുകളും പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

ഗംഗയിലെ ജലനിരപ്പ് മണിക്കൂറിൽ നാല് സെന്റീമീറ്റർ വീതം ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും പ്രളയഭീഷണി ശക്തമായി. നമോ ഘാട്ടിലെ ‘നമസ്തേ’ പ്രതിമ ഉൾപ്പെടെയുള്ള നിരവധി ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. സമീപത്തെ റിവർ പൊലീസ് കമ്മീഷണറേറ്റ് ഓഫീസിലും വെള്ളം കയറി.

ജലനിരപ്പ് ഉയർന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഗംഗയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇതിനിടെ വരുണ നദി വിപരീത ദിശയിൽ ഒഴുകിയതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഇതോടെ തീരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശവാസികളെ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

പ്രളയസാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വാരാണസിയിൽ 61 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി 21 ഫ്ലഡ് പോസ്റ്റുകളും സ്ഥാപിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കായി 198 ബോട്ടുകൾ സജ്ജമായി നിർത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേന, വാട്ടർ പൊലീസ്, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി സംഘങ്ങൾ എന്നിവരും വിവിധ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ കന്നുകാലികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *