റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും അർധരാത്രിയിൽ ട്രെയിനിൽനിന്ന് ഇറക്കിവിട്ടു; റെയിൽവേ ₹2 ലക്ഷം നഷ്ടപരിഹാരം നൽകണം

റിസർവേഷൻ ടിക്കറ്റുണ്ടായിരുന്നിട്ടും അർധരാത്രിയിൽ യാത്രക്കാരിയെ ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ ₹2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്. ഒരു മാസത്തിനകം തുക നൽകണം. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണം നടത്തി തുക ഈടാക്കാൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്കും കമ്മീഷൻ നിർദ്ദേശം നൽകി. തൃശൂർ എരുമപ്പെട്ടി സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ കെ. ജയസ്മിത നൽകിയ പരാതിയിലാണ് നടപടി.

2023 ജൂലൈ 30-നായിരുന്നു സംഭവം. വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസിലെ എസ്4 കോച്ചിൽ ജയസ്മിത 41-ാം നമ്പർ ബർത്ത് റിസർവ് ചെയ്തിരുന്നു. എന്നാൽ ബർത്തിൽ മറ്റൊരാൾ ഉണ്ടായിരുന്നതിനാൽ ടി.ടി.ഇയെ സമീപിച്ചപ്പോൾ ടിക്കറ്റ് ഓൺലൈനായി റദ്ദാക്കിയതായി അറിയിച്ചു. ₹500 പിഴ നൽകിയാൽ മറ്റൊരു ബർത്ത് നൽകാമെന്ന് ടി.ടി.ഇ പറഞ്ഞെങ്കിലും കൈയിൽ പണമില്ലായിരുന്നു. തുടർന്ന് ആലുവയിൽവച്ച് ആർ.പി.എഫിന് കൈമാറുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് റെയിൽവേ നടത്തിയ അന്വേഷണത്തിൽ റിസർവേഷൻ ഫോമിലെ മൊബൈൽ നമ്പർ ബുക്കിങ് ക്ലാർക്ക് തെറ്റായി രേഖപ്പെടുത്തിയതാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തി. തെറ്റായ നമ്പറിലേക്ക് ലഭിച്ച സന്ദേശം ലഭിച്ചയാൾ ടിക്കറ്റ് തന്റേതല്ലെന്ന് കരുതി ഓൺലൈനായി റദ്ദാക്കുകയായിരുന്നു. തെറ്റായി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റെയിൽവേ പിൻവലിച്ചു.

റെയിൽവേ ആക്ടിലെ 137, 139 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് സംഭവിച്ചതെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി. പരാതിക്കാരിയുടെ അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിയമം പാലിക്കുന്നതുസംബന്ധിച്ച് ഉടൻ സർക്കുലർ പുറപ്പെടുവിക്കാനും റെയിൽവേയോട് നിർദ്ദേശിച്ചു. നഷ്ടപരിഹാരം ആറാഴ്ചയ്ക്കകം നൽകാത്ത പക്ഷം എട്ട് ശതമാനം പലിശ സഹിതം നൽകണം. സംഭവത്തെ തുടർന്ന് സർക്കാർ കരാർ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരി അറിയിച്ചതിനെ തുടർന്ന് ആശ്വാസത്തിനായി സർക്കാരിനെ സമീപിക്കാനും, അപേക്ഷയിൽ ഒരുമാസത്തിനകം തീരുമാനമെടുക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *