അടുത്ത കാൽ നൂറ്റാണ്ടിലെ വികസനസാധ്യതകൾ മുന്നിൽക്കണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വിമാനത്താവളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭൂമിയുടെ ഉപയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പഠിച്ചാകും പദ്ധതി തയ്യാറാക്കുക. ഇതിനായി ജേക്കബ്സ് സൊല്യൂഷൻസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തെ സിയാൽ നിയോഗിച്ചു. 6.64 കോടി രൂപയാണ് കരാർ തുക.
സിയാലിന്റെ കൈവശമുള്ള 1,500 ഏക്കർ ഭൂമിയിൽ അടുത്ത 25 വർഷത്തിനിടെ നടപ്പാക്കാനാകുന്ന വികസന പദ്ധതികളാണ് കൺസൾട്ടൻസി പ്രധാനമായും പഠിക്കുക. രണ്ടാം റൺവേ, ടാക്സിവേ, വ്യോമഭാഗത്തെ അനുബന്ധ സൗകര്യങ്ങൾ, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്സിന്റെ വികസനം എന്നിവ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടും. വിമാനത്താവളത്തിലേക്കുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി, ഭാവിയിലെ വികസനത്തിനുള്ള ഭൂമിയുടെ ആവശ്യകത, വ്യോമയാന മേഖലയിലെ വളർച്ചാ സാധ്യതകൾ എന്നിവയും വിശദമായി പരിശോധിക്കും.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് 25 വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം 1.14 കോടിയായി ഉയർന്നിട്ടുണ്ട്. വിമാന സർവീസുകളുടെ എണ്ണം 73,134 ആയി. അടുത്ത 25 വർഷത്തിനിടെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധന കണക്കിലെടുത്താണ് പുതിയ വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. പദ്ധതികളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളും പഠനവിധേയമാക്കും.
കൺസൾട്ടൻസി പഠനം ആരംഭിച്ചു കഴിഞ്ഞു. 10 മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സിയാലിന് സമർപ്പിക്കും. തുടർന്ന് റിപ്പോർട്ട് സിയാൽ ഡയറക്ടർ ബോർഡ് പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ തീരുമാനിക്കും.





