കേരള ഹൗസിലെ രേഖകൾ മോഷണം പോയെന്ന് പരാതി; മുൻ അഡീഷണൽ ലോ സെക്രട്ടറിക്കെതിരെ ആരോപണം

കേരള ഹൗസിലെ നിയമവിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന പരാതിയിൽ ഡൽഹി പൊലീസിൽ പരാതി. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷൺമുവതിയാണ് തിലക് മാർഗ് പൊലീസിൽ പരാതി നൽകിയത്. മുൻ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസിനെതിരെയാണ് പരാതിയിലെ പ്രധാന ആരോപണം. നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ കാണാതായെന്നും ഇത് ഗ്രാൻസി എടുത്തുകൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം അഞ്ചിന് ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഉത്തരവിന് ശേഷവും പലതവണ അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിച്ചതായി പരാതിയിലുണ്ട്. ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അവ കൈമാറിയില്ലെന്നും പറയുന്നു. ബലംപ്രയോഗിച്ച് ഓഫീസിൽ കയറി, വധഭീഷണി മുഴക്കി, ആക്രമിക്കാൻ ശ്രമിച്ചു, കാർക്കിച്ച് തുപ്പി തുടങ്ങിയ ആരോപണങ്ങളും ഡെപ്യൂട്ടി സെക്രട്ടറി ഉന്നയിച്ചിട്ടുണ്ട്.

കേരളവുമായി ബന്ധപ്പെട്ട സുപ്രീംകോടതി, ഡൽഹി ഹൈക്കോടതി, വിവിധ ട്രിബ്യൂണൽ കേസുകളിലെ നിർണായക രേഖകൾ കേരള ഹൗസിലെ നിയമവിഭാഗത്തിലാണ് സൂക്ഷിക്കുന്നത്. പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ രേഖകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ നിയമ, പൊതുഭരണ വകുപ്പ് മേധാവികളെ അറിയിച്ചെങ്കിലും സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *