ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളം കടലിൽ ദൗത്യത്തിലുണ്ടായിരുന്ന യു.എസ്.എസ്. അബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ അയ്യായിരത്തോളം നാവികർ ഒടുവിൽ തായ്ലൻഡിലെ പട്ടായയിൽ കരതൊട്ടു. 264 ദിവസം തുടർച്ചയായി കടലിൽ കഴിഞ്ഞ നാവികർ കഴിഞ്ഞ ആറ് മാസമായി ദിവസവും 12 മുതൽ 14 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്നു. ദൗത്യത്തിനിടെ 200ലേറെ ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായും യു.എസ്. അറിയിച്ചു.
ദീർഘകാല വിന്യാസത്തിനിടെ അവശ്യസാധനങ്ങളുടെ ക്ഷാമവും കടുത്ത മാനസിക സമ്മർദ്ദവും നാവികർ നേരിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെയാണ് കപ്പൽ മേഖലയിൽനിന്ന് പിൻവലിച്ചത്. മടക്കയാത്രയ്ക്കിടെ നാവികർക്ക് വിശ്രമം നൽകുന്നതിനായാണ് പട്ടായയിൽ ഇടവേള ഒരുക്കിയത്.
എന്നാൽ വിശ്രമത്തിനിടയിലും നാവികർക്ക് കർശന നിയന്ത്രണങ്ങളുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് കരയിലേക്ക് ഇറങ്ങാൻ അനുമതി. ഹോട്ടലിൽ തിരിച്ചെത്തേണ്ട സമയപരിധിക്കൊപ്പം കഞ്ചാവ് ഉപയോഗിക്കുന്നതും ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നതും വിലക്കിയിട്ടുണ്ട്. സുരക്ഷാ പട്രോളിങ്, കപ്പലിലെ വൈദ്യുതി-ജല സംവിധാനങ്ങളുടെ പരിപാലനം തുടങ്ങിയ ജോലികളും നാവികർ തുടരുന്നുണ്ട്.





