ഡൽഹി സത്യ നികേതനിൽ കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ബൻസാൽ അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഡൽഹി പൊലീസ് ഇയാളെ പിടികൂടിയത്. അപകടം നടന്ന് 25 മണിക്കൂറിന് ശേഷമാണ് അറസ്റ്റ്. പ്രാദേശിക ജില്ലാ പൊലീസ്, സ്പെഷ്യൽ സ്റ്റാഫ്, ഓപ്പറേഷൻ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആൺകുട്ടികൾക്കുള്ള പിജിയായി പ്രവർത്തിച്ചിരുന്ന ‘ഹോസ്റ്റൽ ഡേയ്സ്’ കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഏഴ് പേർ മരിക്കുകയും 12 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിട ഉടമ വർഷങ്ങളായി ഗുരുഗ്രാമിലാണ് താമസിക്കുന്നതെന്നും അവിടെ ഇയാളുടെ പേരിൽ നിരവധി കെട്ടിടങ്ങളും ഒരു ഹാർഡ്‌വെയർ കടയും ഉണ്ടെന്നും അയൽവാസി സി.പി. ശർമ പറഞ്ഞു.
സംഭവത്തിൽ അഞ്ച് എംസിഡി ഉദ്യോഗസ്ഥരെ ഡൽഹി സർക്കാർ സസ്പെൻഡ് ചെയ്തു. സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ട് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവർക്കെതിരെയാണ് നടപടി. തകർന്ന കെട്ടിടത്തിന് സമീപമുള്ള അപകടാവസ്ഥയിലുള്ള കെട്ടിടം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഘട്ടംഘട്ടമായി പൊളിക്കുമെന്ന് എംസിഡി കമ്മീഷണർ സഞ്ജീവ് ഖിർവാർ അറിയിച്ചു. അനധികൃത നിർമാണങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 960ഓളം കെട്ടിടങ്ങൾ പൊളിക്കുകയും 407 കെട്ടിടങ്ങൾ സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. 1500ഓളം കെട്ടിടങ്ങൾ സീൽ ചെയ്യാനും പൊളിക്കാനുമായി നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





