മഹാരാഷ്ട്രയിൽ വൻ വ്യാജ പനീർ വേട്ട; 15,000 കിലോ ക്ഷീരോത്പന്നങ്ങൾ പിടികൂടി

മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ മായം ചേർത്ത പനീറും വ്യാജ ഖോയയും പിടികൂടി. സംസ്ഥാനത്തുടനീളം വിതരണം ചെയ്യാനായി കർണാടകയിൽനിന്ന് എത്തിച്ചതെന്ന് കരുതുന്ന 10,000 കിലോഗ്രാം പനീറും 5,000 കിലോഗ്രാം വ്യാജ ഖോയയുമാണ് പിടിച്ചെടുത്തത്. ഉത്പന്നങ്ങളുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജോയിന്റ് കമ്മീഷണർ ദിഗംബർ ഭോഗാവഡെ അറിയിച്ചു. വ്യാജ ക്ഷീരോത്പന്നങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി മഹാരാഷ്ട്രയിൽ അനലോഗ് പനീറിന്റെ നിർമാണവും വിൽപ്പനയും കഴിഞ്ഞമാസം പൂർണമായി നിരോധിച്ചിരുന്നു. ഉത്പാദനം, വിതരണം, സംഭരണം എന്നിവയും നിയമവിരുദ്ധമാണ്.

പാലിന് പകരം സസ്യ എണ്ണ, പാമോയിൽ തുടങ്ങിയ നോൺ-ഡെയ്റി ചേരുവകൾ ഉപയോഗിച്ചാണ് അനലോഗ് പനീർ നിർമിക്കുന്നത്. കാഴ്ചയിൽ യഥാർഥ പനീറിന് സമാനമാണെങ്കിലും ഇത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ല. നിയമലംഘനങ്ങൾക്ക് ആറുമാസംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. വ്യാജ ഉത്പന്നം കഴിച്ച് മരണം സംഭവിച്ചാൽ ജീവപര്യന്തം തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *