പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായി. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. വിവിധ കേസുകളിൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടത്.
ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലാണ് സാധനങ്ങൾ മോഷണം പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സെപ്റ്റംബർ 10ന് സ്റ്റോർ റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷൻ വളപ്പിലും സ്റ്റേഷനിലെ വിവിധ മുറികളിലും വിശദമായ പരിശോധന നടത്തിയെങ്കിലും പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്താനായില്ല.
സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർ അജേഷ് കെ. എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ എങ്ങനെ പുറത്തേക്ക് പോയി, സംഭവത്തിന് പിന്നിൽ ആരൊക്കെയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.





