തടവുകാരുടെ ഭക്ഷണ മെനുവിൽ മാറ്റം; മട്ടനും മീനും ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ ശുപാർശ

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തു. ചെലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യവും പരിഗണിച്ചാണ് മെനു പരിഷ്‌കരിക്കാനുള്ള നിർദേശം. മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയ ചങ്ക്‌സ്, മുട്ട എന്നിവ ഉൾപ്പെടുത്താനാണ് പ്രധാന ശുപാർശ. ഇതിലൂടെ പ്രതിവർഷം 5.6 കോടി രൂപ വരെ ലാഭിക്കാനാകുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കി.

മട്ടൻ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മട്ടനും മീനും വാങ്ങുന്നതിലും സൂക്ഷിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. നിലവിൽ മട്ടൻ വാങ്ങാൻ വർഷം 5.72 കോടി രൂപയും മീനിന് 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. അതേസമയം കോഴിക്ക് 1.26 കോടിയും സോയ ചങ്ക്‌സിനും മുട്ടയ്ക്കുമായി 3.4 കോടിയും മാത്രമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ക്രമത്തിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനുമാണ് നൽകുന്നത്. മാംസാഹാരം കഴിക്കാത്ത തടവുകാർക്ക് പകരമായി പച്ചക്കറി കറികളും നൽകുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ള തടവുകാർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഭക്ഷണക്രമം തുടരും. പുതിയ മെനു നടപ്പാക്കുന്നതോടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം കൂടുതൽ ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കാനാകുമെന്നാണ് ജയിൽ വകുപ്പിന്റെ വിലയിരുത്തൽ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *