ചിത്രത്തിന്റെ റീ-റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടു. പ്രേക്ഷകശ്രദ്ധയാകർഷിക്കുന്ന ഡാർക്ക് മൂഡിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. 2010ൽ റിലീസ് ചെയ്ത ചിത്രം 16 വർഷങ്ങൾക്കുശേഷം 4K ദൃശ്യമികവോടെ ഒക്ടോബർ 30ന് ബിഗ് സ്‌ക്രീനിലെത്തും.
മനോജ് പരമഹംസയുടെ സ്റ്റൈലിഷ് ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ തീവ്രമായ സംഗീതവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ വേറിട്ട സംവിധാനശൈലിയും വീണ്ടും തിയേറ്ററുകളിൽ ആസ്വദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ ദൃശ്യഭംഗിയും പശ്ചാത്തലസംഗീതവും സമന്വയിപ്പിച്ച ട്രെയിലർ റീ-റിലീസിനായുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു ‘നായകൻ’. കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാനിറങ്ങുന്ന വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തിയത്. ശക്തമായ പ്രമേയവും വ്യത്യസ്തമായ അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രം പുതിയ ദൃശ്യാനുഭവത്തിൽ വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.






