മദ്യം വാങ്ങിയ ഉപഭോക്താവിൽനിന്ന് സ്ഥാപനത്തിന്റെ പേരും ലോഗോയുമുള്ള സഞ്ചിക്ക് പണം ഈടാക്കിയ മദ്യവിൽപ്പനശാലയ്ക്ക് തിരിച്ചടി. ബെംഗളൂരുവിലെ സ്വകാര്യ മദ്യവിൽപ്പനശാല ഉപഭോക്താവിന് 20 രൂപ തിരികെ നൽകുന്നതിനൊപ്പം 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ജൂണിലാണ് സംഭവം. 2,170 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാവ് കുപ്പികൾ കൊണ്ടുപോകാൻ സഞ്ചി ആവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിന്റെ പരസ്യവും ലോഗോയുമുള്ള സഞ്ചിക്ക് 20 രൂപ ഈടാക്കുകയായിരുന്നു. പരസ്യമുള്ള സഞ്ചിക്ക് പണം നൽകാനാകില്ലെന്ന് അറിയിച്ചിട്ടും ജീവനക്കാർ നിലപാട് മാറ്റിയില്ല. തുടർന്നാണ് യുവാവ് കമ്മിഷനെ സമീപിച്ചത്.
20 രൂപ തിരിച്ചുനൽകണമെന്നും 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. സ്ഥാപനത്തിന്റെ പരസ്യമുള്ള സഞ്ചി ഉപഭോക്താവിന് പണം വാങ്ങി നൽകുന്നത് തെറ്റായ നടപടിയാണെന്ന് നിരീക്ഷിച്ച കമ്മിഷൻ പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.






