ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി പരിചയപ്പെടുത്തിയ വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ച കളമശ്ശേരി സ്വദേശിയായ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടമായി. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ഡോക്ടറും ഭാര്യയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. വ്യാജ ആപ്പിൽ നിക്ഷേപവും ലാഭവും കാണിച്ച് വിശ്വസിപ്പിച്ച പ്രതികൾ പണം തിരികെ നൽകിയില്ല. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തു.
ഓൺലൈൻ ഫോറെക്സ് ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് രായമംഗലം സ്വദേശിയിൽനിന്ന് 2.11 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ റൂറൽ സൈബർ ക്രൈം പോലീസും കേസെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്.
മറ്റൊരു സംഭവത്തിൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് മുളവുകാട് സ്വദേശിനിയായ 36-കാരിയിൽനിന്ന് 89,904 രൂപ തട്ടിയെടുത്തു. മറ്റൊരു ക്രെഡിറ്റ് കാർഡ് വഴി ആക്ടിവേഷൻ നടത്താമെന്ന് പറഞ്ഞ് ഒ.ടി.പി. കൈക്കലാക്കിയാണ് പണം തട്ടിയത്. സംഭവത്തിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു.






