‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി. 72 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയ വിവരം പാക്കപ്പ് ദിനത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ അറിയിച്ചത്. നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാഷിറിനൊപ്പം അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സഹനിർമ്മാതാക്കളാണ് സൂപ്പർ ഡൂപ്പർ ഫിലിംസ്. ‘വാഴ’, ‘എക്കോ’, ‘വാഴ 2’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ഐക്കൺ സിനിമാസാണ് ‘ഞൊടി’യുടെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
ചിത്രീകരണം പൂർത്തിയായതോടെ ‘ഞൊടി’യുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാഷിറിന്റെ പുതിയ ചിത്രമെന്ന നിലയിൽ ‘ഞൊടി’യെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.






