ബെംഗളൂരു–മംഗളൂരു വന്ദേഭാരതിന് വീണ്ടും പരീക്ഷണയോട്ടം; 55 മിനിറ്റ് നേരത്തെയെത്തി

ബെംഗളൂരു–മംഗളൂരു റൂട്ടിൽ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് വീണ്ടും പരീക്ഷണയോട്ടം നടത്തി. ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷന് കീഴിൽ യശ്വന്ത്പുര ജംക്‌ഷൻ മുതൽ മംഗളൂരു ജംക്‌ഷൻ വരെയായിരുന്നു വ്യാഴാഴ്ചത്തെ പരീക്ഷണയോട്ടം.

രാവിലെ 6.50ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.55ന് മംഗളൂരു ജംക്‌ഷനിലെത്തി. 2.50നാണ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിശ്ചിത സമയത്തേക്കാൾ 55 മിനിറ്റ് നേരത്തെയാണ് ട്രെയിൻ എത്തിയത്. ഹാസൻ, സകലേഷ്‌പുര, സുബ്രഹ്‌മണ്യ റോഡ്, കബക്ക പുത്തൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചത്. വൈകിട്ട് 3.10ന് മംഗളൂരു ജംക്‌ഷനിൽ നിന്ന് യശ്വന്ത്പുരയിലേക്കുള്ള മടക്കയാത്രയും ആരംഭിച്ചു.

ചെങ്കുത്തായ ചുരം പാതയിലൂടെ സുരക്ഷിതമായി സർവീസ് നടത്താൻ സഹായിക്കുന്ന ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സംവിധാനമുള്ള 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച മംഗളൂരു സെൻട്രലിലേക്കും പരീക്ഷണയോട്ടം നടത്തിയിരുന്നു. എന്നാൽ യെടകുമേരി–സുബ്രഹ്‌മണ്യ മേഖലയിലെ സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര വൈകുകയും നിശ്ചയിച്ച സമയത്തേക്കാൾ 2 മണിക്കൂർ 5 മിനിറ്റ് വൈകി വൈകിട്ട് 4.30നാണ് ട്രെയിൻ മംഗളൂരു സെൻട്രലിലെത്തുകയും ചെയ്തത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *