ബർത്ത് ഡേ ദിനത്തിൽ നിറവയറിൽ രജിഷ വിജയൻ; സർപ്രൈസൊരുക്കി സർദാർ 2!

രജിഷ വിജയന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി ടീം ‘സർദാർ 2’. ചിത്രത്തിലെ നായികയായ രജിഷ വിജയൻ നിറവയറിൽ നിൽക്കുന്ന സ്പെഷ്യൽ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയാണ് നായകനായെത്തുന്നത്. എസ്. ജെ. സൂര്യ, മാളവിക മോഹനൻ, ആഷിക രംഗനാഥ്, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമാണം. പി. എസ്. മിത്രനാണ് തിരക്കഥയൊരുക്കുന്നത്.സർദാർ ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ‘സർദാർ 2’-നു വേണ്ടിയുള്ള വലിയ പ്രതീക്ഷയിലാണ് ആരാധകർ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച രജിഷ വിജയൻ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും ഇപ്പോൾ സജീവ സാന്നിധ്യമാണ്. ഒരു മലയാളി താരം കൂടി നിറഞ്ഞുനിൽക്കുന്ന പോസ്റ്റർ പുറത്തു വന്നതോടെ മലയാളി പ്രേക്ഷകരും ‘സർദാർ 2’ വിനായുള്ള കാത്തിരിപ്പിലാണ്.സെപ്റ്റംബർ 10-ന് ‘സർദാർ 2’ റിലീസ് ചെയ്യും.
അനിരുദ്ധ് + വേടൻ =?മരണമാസ് കോംബോ ഒന്നിക്കുന്ന വമ്പൻ പ്രൊജക്റ്റ് ഉടൻ!

തമിഴ് സിനിമാസംഗീതത്തെ ആഗോളതലത്തിൽ എത്തിച്ച റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറും, മലയാളം റാപ്പ് സംഗീതത്തിൽ തന്റേതായ വിപ്ലവം സൃഷ്ടിച്ച വേടനും (ഹിരൺ ദാസ് മുരളി) കൈകോർക്കുന്നു. വേടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനിരുദ്ധിനൊപ്പമുള്ള സ്റ്റുഡിയോ ചിത്രം പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചർച്ചകൾക്ക് തീപിടിച്ചത്. ലളിതമായ അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ഒരൊറ്റ ചിത്രം നിമിഷനേരം കൊണ്ടാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയത്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതൊരു വമ്പൻ പ്രൊജക്റ്റിന്റെ തുടക്കമാണെന്നാണ്. ധനുഷിനെ നായകനാക്കി ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസി’ക്ക് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രത്തിലെ ഏറ്റവും ആവേശമുണർത്തുന്ന ഒരു ഹൈ-എനർജി മാസ് പാട്ടിന് വേണ്ടിയാണ് വേടന്റെ വരികളും റാപ്പും അനിരുദ്ധ് ഉപയോഗിക്കുന്നത് എന്നാണ് സൂചനകൾ. ഈ കൊളാബോറേഷൻ കേവലം ഒരു പാട്ടിൽ ഒതുങ്ങുന്നതല്ല; മറിച്ച് രണ്ട് വ്യത്യസ്ത സംഗീത ശൈലികളുടെ അതിശക്തമായ കൂടിച്ചേരലാണ്. വമ്പൻ കൊമേഴ്സ്യൽ ചിത്രങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് സ്കോറിലൂടെയും പാട്ടുകളിലൂടെയും വന്യമായ ഊർജ്ജം നൽകുന്ന തെന്നിന്ത്യയുടെ സ്വന്തം റോക്ക്സ്റ്റാറാണ് അനിരുദ്ധ്. ഒപ്പം നിൽക്കുന്നത് മലയാളത്തിൽ തരംഗം സൃഷ്ടിച്ച റാപ്പർ വേടനും.തെന്നിന്ത്യൻ സിനിമയിൽ റീജിയണൽ റാപ്പ് സംഗീതത്തിന് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. മുൻപ് സന്തോഷ് നാരായണൻ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖർ തങ്ങളുടെ ചിത്രങ്ങളിൽ തദ്ദേശീയ റാപ്പ് കലാകാരന്മാരെ ഉൾപ്പെടുത്തി വൻ വിജയം കൊയ്തിട്ടുണ്ട്. ഇപ്പോൾ അനിരുദ്ധ്-വേടൻ കൂട്ടുകെട്ട് ആ വഴിയിലാണ്. മാസും മാസും ഒത്തുചേരുമ്പോൾ, ആ മരണമാസ് ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മൈതാനത്ത് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് തെളിയിച്ചു; വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ലിയോണൽ മെസി

ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട ആനുകൂല്യത്തിലാണ് അർജന്‍റീന വീണ്ടും ലോകകപ്പ് ഫൈനലിൽ എത്തിയതെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയ വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ ലിയോണൽ മെസി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്‍റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു മെസിയുടെ പ്രതികരണം. ആദ്യ പകുതിയിൽ പിന്നിലായിപ്പോയ ശേഷമാണ് മെസിയുടെ രണ്ട് മാന്ത്രിക അസിസ്റ്റുകളുടെ കരുത്തിൽ ആറ് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി അർജന്‍റീന മത്സരം തിരിച്ചുപിടിച്ചത്.ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാർ വിവാദപരമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് ഇത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർക്ക് അങ്ങനെയാകാം, അവർ എന്തും പറയട്ടെ എന്നായിരുന്നു മെസിയുടെ മറുപടി. മൈതാനത്ത് തങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് തങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും, സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ടൂർണമെന്‍റിലേക്ക് എത്തിയതെങ്കിലും ടീമിന്‍റെ പോരാട്ടവീര്യത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ പരാജയപ്പെടാൻ കാത്തിരുന്നവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകിയെന്നും മെസി പറഞ്ഞു.ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ പലരും തങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അസംബന്ധങ്ങൾ വിളിച്ചുപറയുമായിരുന്നു എന്നും എന്നാൽ അതിനുള്ള അവസരം നൽകിയില്ലെന്നും മെസി വ്യക്തമാക്കി. 200 മത്സരങ്ങളിലേറെ നീണ്ട രാജ്യാന്തര കരിയറിൽ ആദ്യമായിട്ടായിരുന്നു മെസി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. 40 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഇതിഹാസ താരം ഡീഗോ മറഡോണ ചരിത്രപ്രസിദ്ധമായ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളും ‘നൂറ്റാണ്ടിന്‍റെ ഗോളും’ നേടി അർജന്‍റീനയെ വിജയിപ്പിച്ചത്. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നേടിയ ജയം മറഡോണയ്ക്കാണ് സമർപ്പിക്കുന്നതെന്നും മെസി പറഞ്ഞു. തീർച്ചയായും ഡീഗോ മുകളിൽ ഇരുന്ന് ഇത് വളരെയധികം ആസ്വദിക്കുന്നുണ്ടാകും എന്നും അദ്ദേഹത്തിന് വളരെ പ്രത്യേകതയുള്ള ഒരു ദിവസമായതിനാൽ ഈ സന്തോഷം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മെസി വ്യക്തമാക്കി. ലോകകപ്പിൽ ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ റേസിൽ ഏറ്റവും മുന്നിലാണ് 39-കാരനായ മെസി. ഞായറാഴ്ച മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനിനെ നേരിടാനൊരുങ്ങുകയാണ് അർജന്‍റീന.
‘ജനനായകന്‍റെ’ കേരളത്തിലെ ആദ്യ ഷോ എപ്പോൾ?; പ്രഖ്യാപനവുമായി വിതരണക്കാര്‍

വന്‍ പ്രതീക്ഷയുണര്‍ത്തുന്ന വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് ദിനമായ ജൂലൈ 23-ന് കേരളത്തില്‍ പുലര്‍ച്ചെ 6 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുമെന്ന് വിതരണക്കാരായ എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിച്ചു. ആദ്യമായി പൊങ്കല്‍ റിലീസായി ജനുവരി 9-ന് എത്താനിരുന്ന ചിത്രം സെന്‍സര്‍ നടപടികളിലെ കാലതാമസം മൂലം മാറ്റിവെക്കുകയായിരുന്നു. ആറുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തുന്നത്. ഇതിനിടെ വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായി കടന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ അവസാന സിനിമയെന്ന നിലയിലും ചിത്രത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. നേരത്തെ കേരളത്തിലെ ആദ്യ ഷോകള്‍ പുലര്‍ച്ചെ 4 മണിക്ക് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് അത് 6 മണിയിലേക്ക് മാറ്റിയതായി വിതരണക്കാര്‍ സ്ഥിരീകരിച്ചു. മുന്‍പ് വിജയ്, രജനികാന്ത് തുടങ്ങിയ താരങ്ങളുടെ വലിയ റിലീസുകള്‍ക്ക് കേരളത്തില്‍ 4 മണി ഷോകള്‍ പതിവായിരുന്നു. അതേസമയം, വ്യാജ പതിപ്പ് നേരത്തെ പ്രചരിച്ചതും ബോക്‌സ് ഓഫീസിനെ ബാധിക്കുമോയെന്ന ആശങ്ക സിനിമാ മേഖലയിലുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയിനൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
‘പൂന്തോട്ടത്തിൽ വിട്ട ഒരു പൂമ്പാറ്റ പോലെ…’; മോഹൻലാലിനൊപ്പമുള്ള നൃത്തനിമിഷങ്ങൾ ഓർത്തെടുത്ത് സാനിയ ഇയ്യപ്പൻ

മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന യൂറോപ്യൻ സ്റ്റേജ് ഷോകളിലെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നിമിഷങ്ങളിലൊന്നായിരുന്നു സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള അദ്ദേഹത്തിന്റെ നൃത്തപ്രകടനം. സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോയ്ക്ക് പിന്നാലെ, മോഹൻലാലിനൊപ്പം വേദി പങ്കിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് സാനിയ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. പ്രാക്ടീസ് ആരംഭിച്ചപ്പോൾ തന്നെ മോഹൻലാലിനൊപ്പം നൃത്തം ചെയ്യേണ്ടതിന്റെ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് സാനിയ പറയുന്നു. എന്നാൽ സ്റ്റേജ് റിഹേഴ്സലിനിടെ തമാശകൾ പറഞ്ഞും എല്ലാവരെയും സ്വാഭാവികരാക്കിയും മോഹൻലാൽ അന്തരീക്ഷം ലളിതമാക്കിയെന്നും താരം പറഞ്ഞു. ജർമനിയിലെ ഷോയിലായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള ആദ്യ പ്രകടനം. വേദിയിലേക്ക് കയറുന്നതിന് മുമ്പ് മോഹൻലാൽ ‘ഓൾ ദ ബെസ്റ്റ്’ ആശംസിച്ചതും സാനിയ ഓർക്കുന്നു. “പറക്ക പറക്ക’ എന്ന ഗാനത്തിനൊപ്പമുള്ള നൃത്തത്തിനിടെ ഞാൻ സ്റ്റേജിലാണെന്ന കാര്യം പോലും മറന്നുപോയി. പ്രേക്ഷകരെയോ മറ്റൊന്നും ഞാൻ ഓർത്തില്ല. വീഡിയോ കണ്ടാൽ മനസിലാകും, പൂന്തോട്ടത്തിൽ വിട്ട ഒരു പൂമ്പാറ്റ പോലെ ഞാൻ വേദിയിൽ പറക്കുകയായിരുന്നു. സാർ എന്നെ തിരിക്കുന്ന നിമിഷങ്ങളിലൊക്കെ ഞാൻ ആ അനുഭവത്തിൽ മുഴുകിപ്പോയി,” സാനിയ പറഞ്ഞു. മോഹൻലാലിന്റെ ഊർജവും പ്രകടനവും കണ്ട് “Age is just a number” എന്നായിരുന്നു പലരുടെയും പ്രതികരണമെന്നും, അദ്ദേഹത്തിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണെന്നും സാനിയ കൂട്ടിച്ചേർത്തു.
നിർമാണത്തിലേക്ക് ചുവടുവെച്ച് ശാലിനി അജിത് കുമാർ; ചിത്രത്തിൽ നായകനായി അജിത്

25 വർഷങ്ങൾക്കിപ്പുറം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം ശാലിനി അജിത് കുമാർ. അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നത് കാരണം അജിത്തിന്റെ സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല എന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. 110 മുതൽ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം. നിർമാതാക്കൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ തുക ചോദിക്കുന്നു എന്ന വിവാദം നിലനിൽക്കെയാണ് ശാലിനി അജിത് കുമാർ നിർമാണ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്.
ഇനി കളി ഹാർഡ്‌വെയറിലും മാറും മക്കളേ!

ചാറ്റ്ജിപിടിയിലൂടെ ലോകത്തെ ഞെട്ടിച്ച ഓപ്പൺഎഐ ദേ അടുത്ത വെടി പൊട്ടിക്കാൻ റെഡിയാവുകയാണ്. ഇത്തവണ വെറും സോഫ്റ്റ്‌വെയർ മാത്രമല്ല, നമ്മളോട് നേരിട്ട് സംസാരിക്കുന്ന ഒരു കിടിലൻ എഐ സ്പീക്കറുമായാണ് വരവ്. ആപ്പിളിന്റെ ഐഫോൺ ഡിസൈൻ ചെയ്ത് ഹിറ്റാക്കിയ സാക്ഷാൽ ജോണി ഐവും ഓപ്പൺഎഐയും കൈകോർക്കുമ്പോൾ സംഭവം അമ്മാതിരി ഐറ്റമായിരിക്കും എന്ന് ഉറപ്പാണ്. കാണാൻ സ്ക്രീൻ ഒന്നും ഇല്ലാത്ത ഒരു പോർട്ടബിൾ സ്പീക്കർ ആയിരിക്കും ഇത്. പക്ഷേ സ്ക്രീൻ ഇല്ലെങ്കിലും സംഭവം കളർ ആവും കേട്ടോ! ക്യാമറയും സെൻസറുകളുമൊക്കെ ഉള്ളതുകൊണ്ട് നമ്മൾ എവിടെയാണ് ഇരിക്കുന്നത്, ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്നൊക്കെ ഈ കക്ഷിക്ക് കൃത്യമായി മനസ്സിലാക്കാൻ പറ്റും. വീട്ടിൽ എവിടെ വേണമെങ്കിലും കൊണ്ടുനടക്കാൻ പറ്റുന്ന രീതിയിൽ നല്ലൊരു റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ഇതിലുണ്ടാകും. വെറുമൊരു സ്പീക്കർ എന്നതിലുപരി നമ്മളോട് മനുഷ്യരെപ്പോലെ സംസാരിക്കുന്ന ഒരു കൂട്ടുകാരനായിരിക്കും ഇത്. ചാറ്റ്ജിപിടിയുടെ ലൈവ് വോയ്സ് മോഡ് ഒക്കെ വരുന്നതുകൊണ്ട് നമ്മൾ ഒരാളോട് സംസാരിക്കുന്നത് പോലെ അത്രയും സ്വാഭാവികമായി തിരിച്ചു സംസാരിക്കും. വീട്ടുജോലികൾ ഓർമ്മിപ്പിക്കാനും പാട്ട് വെക്കാനും സ്മാർട്ട് ഹോം നിയന്ത്രിക്കാനും ഒക്കെ ഈ എഐ കൂട്ടാളി കൂടെയുണ്ടാകും.നമ്മുടെ ശീലങ്ങളും താല്പര്യങ്ങളും ഒക്കെ പതിയെ പഠിച്ചെടുത്ത് നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞു തരാൻ വരെ ഇതിന് കഴിവുണ്ടായിരിക്കും. നമ്മുടെ ഇമെയിലും ചാറ്റ്ജിപിടി അക്കൗണ്ടും ഒക്കെയായി ഇത് ലിങ്ക് ചെയ്യാനും പറ്റും. ആമസോണിന്റെ അലക്സയ്ക്കും ഗൂഗിളിനും ആപ്പിളിനും ഒക്കെ ഇതൊരു ഒന്നൊന്നര പണിയായിരിക്കും എന്നാണ് കേൾക്കുന്നത്. ആപ്പിളിൽ നിന്ന് ഇറങ്ങിയ ഡിസൈനർമാരെ ഒക്കെ വെച്ചാണ് ഓപ്പൺഎഐ ഈ കളിക്ക് ഇറങ്ങുന്നത് എന്നതുകൊണ്ട് തന്നെ ആപ്പിൾ ചെറുതായൊന്ന് കേസ് കൊടുത്ത് സീൻ ആക്കാൻ നോക്കുന്നുണ്ടെങ്കിലും സംഭവം ഉടൻ തന്നെ വിപണിയിൽ എത്തും എന്ന് തന്നെയാണ് ടെക് ലോകത്തെ സംസാരം. എന്തായാലും കാത്തിരുന്ന് കാണാം ഈ പുതിയ എഐ വിപ്ലവം!
ഫാഷന്‍, ഫുഡ്,ഫ്രീഡം!കൂടെ ചിപ്‌സും ചില്ലിങ്ങും..യുവത്വത്തിന്റെ ആഘോഷവുമായി മഹാരാജാ ഹോസ്റ്റല്‍ തുറക്കുന്നു…

ഹാഷിമിനും ടീമിനും ശേഷം യുവത്വത്തിന്റെ ഹരമായ അഖില്‍ എന്‍.ആര്‍.ഡി & ടീം ബോക്‌സ് ഓഫീസിലേക്ക്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ഹൊറര്‍ കോമഡി ചിത്രമായിരിക്കും മഹാരാജാ ഹോസ്റ്റല്‍. അഖില്‍ എന്‍.ആര്‍.ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ‘മഹാരാജാ ഹോസ്റ്റലിന്റെ’ രസകരമായ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. ഫാഷന്റെയും ഫ്രീഡത്തിന്റെയും ചിപ്‌സിന്റെയും ചില്ലിങ്ങിന്റെയും ലോകത്തെത്താന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ വരുന്ന കൂട്ടുകാരും അവര്‍ ഒപ്പിക്കുന്ന രസകരമായ സംഭവവികാസങ്ങളുമായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. ചാരുചിത്ര പ്രൊഡക്ഷന്‍സ്, മധുമിത പ്രൊഡക്ഷന്‍സ് & മണ്‍സൂണ്‍ ടെയില്‍സ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാര്‍വാക ബ്രാഹ്‌മണപ്പള്ളി, രമ്യ വെമൂലപടി, രാഹുല്‍ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍വഹണം നിര്‍വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കന്‍, ഛായാഗ്രഹണം & എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഷ്‌കര്‍, സംഗീതം: അശ്വിന്‍ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ശാലിനി നമ്പു, ലൈന്‍ പ്രൊഡ്യൂസര്‍: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍: വേലു വാഴയൂര്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: അഷ്‌കര്‍ അലി, രാജ, അമാന്‍ മെഹര്‍, ഗാനരചന: ജിഷ്ണു എം. നായര്‍, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, സ്റ്റണ്ട്: അഷ്‌റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഡുഡു ദേവസി, സ്റ്റില്‍സ്: കാഞ്ചന്‍, ടൈറ്റില്‍ പബ്ലിസിറ്റി ഡിസൈന്‍: അജിന്‍ മേനക്കാത്ത്, സൂരജ് സൂരന്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
ഹൊററും ഫാന്റസിയും ചേർന്നൊരു ചിരിപ്പൂരം; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന ‘മോഹനവള്ളി’ ചിത്രീകരണം തുടങ്ങി

നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് പിടിച്ചത് വെറും വള്ളിയല്ല, ഒരൊന്നൊന്നര ‘മോഹനവള്ളി’യാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്കഴിക്കാനായി നടത്തുന്ന രസകരമായ ശ്രമങ്ങളുമാണ് ചിത്രം. ‘മോഹനവള്ളി’യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.ജെ സ്റ്റുഡിയോസ് & എ2എ മൂവി സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ സംവിധായകൻ ഉമേഷ് എസ്. നായറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസീസ് നെടുമങ്ങാടിനൊപ്പം ബൈജു സന്തോഷ്, രക്ഷ ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, അബിൻ ബിനോ, ശശാങ്കൻ മയ്യനാട് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അച്ഛൻ തമിഴകം ഭരിക്കുമ്പോൾ മകൻ വെള്ളിത്തിര കീഴടക്കാൻ; ജേസൺ സഞ്ജയ് ഇനി നായകൻ!

തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തരംഗമായി മാറിയ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു. ക്യാമറയ്ക്ക് പിന്നിൽ സംവിധായകനായി തുടക്കം കുറിക്കാനിരിക്കെയാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത പുറത്തുവരുന്നത്.തമിഴിലെ മുൻനിര സംവിധായകൻമാരിൽ ഒരാളായിരിക്കും ഈ മാസ് എൻ്റർടൈനർ ഒരുക്കുകയെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർഹിറ്റ് ചിത്രമായ ‘പരിമള ആൻഡ് കോ’ നിർമ്മിച്ച് ശ്രദ്ധേയനായ തമിഴ് കുമരൻ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിനിടയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ സംവിധായകനെന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് ജേസൺ. ലണ്ടനിൽ നിന്ന് ഫിലിം മേക്കിംഗിൽ ബിരുദം നേടിയ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ റിലീസിന് ഒരുങ്ങുകയാണ്.ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് കിഷൻ നായകനാകുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് താരം ക്യാമറയ്ക്ക് മുന്നിലേക്കും എത്തുന്നത് എന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.അച്ഛൻ രാഷ്ട്രീയത്തിൽ തമിഴ്‌നാടിന്റെ അമരക്കാരനായി തിളങ്ങുമ്പോൾ, മകൻ സിനിമയിൽ പുതിയ ചരിത്രങ്ങൾ കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ടൈറ്റിൽ ലോഞ്ചും ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.