കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും സിസിഐ വ്യക്തമാക്കി.
രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പദ്ധതിക്കെതിരെ സിസിഐയെ സമീപിച്ചത്. എന്നാൽ പൊതുജനക്ഷേമത്തിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അതിൽ ഇടപെടാൻ കോമ്പറ്റീഷൻ കമ്മീഷന് കഴിയില്ലെന്നും ചെയർപേഴ്‌സൺ രവ്നീത് കൗർ, അംഗങ്ങളായ ശ്വേത കാക്കർ, ദീപക് അനുരാഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസുകൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നായിരുന്നു ഉടമകളുടെ പരാതി. നിയമനടപടികളിലൂടെ പരിഹാരം പ്രതീക്ഷിച്ചിരുന്ന സ്വകാര്യ ബസ് ഉടമകൾക്ക് സിസിഐയുടെ തീരുമാനം തിരിച്ചടിയായി. അതേസമയം, ഉത്തരവ് സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും ആശ്വാസമായി.





