ചൈനയിൽ കഥകളിയുടെ അരങ്ങൊരുക്കാൻ ചെറുതുരുത്തി കഥകളി സ്കൂൾ

ചൈനയിൽ കഥകളി പഠനകേന്ദ്രം ആരംഭിക്കാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ. ചൈനീസ് സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ചാങ്ഷാ ഷിൻസി കൾചറൽ കമ്പനിയുമായി സഹകരിച്ചാണ് പഠനകേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട സ്ഥാപനവുമായി ഒരു വർഷത്തെ കരാറും ഒപ്പുവച്ചു. കലാമണ്ഡലം ഒ. അനന്തു, കലാമണ്ഡലം അജീഷ് ബാബു, കലാമണ്ഡലം കെ. എം. അനന്തു, കലാമണ്ഡലം സായന്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം. കലാകാരന്മാരുടെ സംഘം വെള്ളിയാഴ്ച ചൈനയിലേക്ക് യാത്രതിരിക്കും.

ഒരു വർഷം നീളുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സോദാഹരണ പ്രഭാഷണങ്ങളും കഥകളി അവതരണങ്ങളും സംഘടിപ്പിക്കും. മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയുടെ പരിശീലനം ആരംഭിക്കാനും ചൈനീസ് സാംസ്കാരിക വകുപ്പ് താൽപര്യം അറിയിച്ചിട്ടുണ്ട്. വിദേശ കലാകാരന്മാർക്ക് കഥകളി പഠിക്കാനുള്ള അവസരവും ഒരുക്കും. ഐ.സി.സി.ആർ മുഖേന കഥകളി സ്കൂൾ നേരത്തെയും ചൈനയിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *