കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പേവിഷ വാക്സീനായ അഭയ്റാബിന്റെ വ്യാജൻ വിപണിയിലെത്തിയതായി കേന്ദ്ര മരുന്നുനിലവാര നിയന്ത്രണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അഭയ്റാബിന്റെ KE25012 ബാച്ചിന്റെ വ്യാജ വാക്സീൻ കണ്ടെത്തിയതായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് സിങ് രഘുവംശി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ ഡ്രഗ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത്കുമാർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അഭയ്റാബ് ഓൺലൈൻ വിപണിയിൽ വ്യാപകമായി ലഭ്യമാകുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. പേവിഷബാധയ്ക്കെതിരായ വാക്സീൻ ആയതിനാൽ വ്യാജ വാക്സീൻ സംബന്ധിച്ച മുന്നറിയിപ്പ് ഗൗരവത്തോടെയാണ് ആരോഗ്യരംഗം കാണുന്നത്.
ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡാണ് അഭയ്റാബിന്റെ നിർമാതാക്കൾ. ആഭ്യന്തര പേവിഷ വാക്സീൻ വിപണിയുടെ 40 ശതമാനവും കമ്പനിക്കുണ്ട്. KE25012 ബാച്ച് ആവശ്യമായ എല്ലാ പരിശോധനകളും വിജയിച്ചതാണെന്നും ബാച്ച് നമ്പർ പകർത്തിയാണ് വ്യാജ വാക്സീൻ നിർമിച്ചതെന്നും കമ്പനി വ്യക്തമാക്കി. 2025ലും അഭയ്റാബിന്റെ KA24014 ബാച്ചിന്റെ വ്യാജൻ കണ്ടെത്തിയിരുന്നു.





