ചൂടാവണ്ട,കറന്റ് ബില്ല് കുറച്ചുകൊണ്ട് ഇനി കൂളാകാം…

നട്ടുച്ചവെയിലിൽ വെന്തുരുകുന്ന കേരളത്തിൽ എസിയും ഫാനും ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്. എന്നാൽ മാസാമാസം വരുന്ന കറന്റ് ബില്ല് കാണുമ്പോൾ ചൂടിനേക്കാൾ വലിയ ‘ഷോക്ക്’ ആണ് കിട്ടുന്നത്. കറന്റ് ബില്ല് കുറച്ചുകൊണ്ട് തന്നെ വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്ന ചില സ്മാർട്ട് വഴികളുണ്ട്. അതൊന്ന് നോക്കിയാലോ..

ജനാലകളുടെ കാര്യത്തിൽ വേണം ഒരു ‘ടൈം ടേബിൾ

നമ്മളിൽ മിക്കവരും ചൂട് കൂടുമ്പോൾ കാറ്റ് വരാനായി ജനാലകൾ തുറന്നിടാറുണ്ട്. എന്നാൽ വേനൽക്കാലത്ത് ഇത് വിപരീത ഫലമാണ് നൽകുക.പകൽ സമയം (10 AM – 5 PM): ഈ സമയത്ത് പുറത്തെ വായുവിന് ചൂട് കൂടുതലായതിനാൽ ജനാലകൾ മുറുക്കെ അടച്ചിടുക. ഇത് വീടിനുള്ളിലെ ഫർണിച്ചറുകളും ചുവരുകളും ചൂടാകുന്നത് തടയും.
രാത്രി സമയം: വൈകുന്നേരം 6 മണിക്ക് ശേഷം ജനാലകൾ തുറന്നിടുക. ഭിത്തികളിൽ തങ്ങിനിൽക്കുന്ന ചൂട് പുറത്തുപോകാൻ ഇത് സഹായിക്കും.

കർട്ടനുകൾ ശ്രദ്ധിക്കുക

കട്ടിയുള്ള കർട്ടനുകൾ
ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തെ തടയും. വെളുത്ത നിറത്തിലുള്ള കർട്ടനുകൾ വെളിച്ചത്തെ പ്രതിഫലിപ്പിക്കാൻ മികച്ചതാണ്. കൂടുതൽ തണുപ്പിനായി ഉച്ചസമയത്ത് കർട്ടനുകളിൽ അല്പം വെള്ളം തളിക്കുന്നതും നല്ലതാണ്.

ടെറസിനെ തണുപ്പിക്കാം

വീടിനുള്ളിലെ ചൂടിന്റെ 80 ശതമാനവും വരുന്നത് മേൽക്കൂര വഴിയാണ്.
ടെറസിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം അതിനു മുകളിൽ വൈക്കോൽ നിരത്തി വെള്ളം നനയ്ക്കുക. വൈക്കോൽ ഒരു ഇൻസുലേറ്ററായി പ്രവർത്തിച്ച് കോൺക്രീറ്റിലേക്ക് ചൂട് ഇറങ്ങുന്നത് തടയും. ഇത് മുറിക്കുള്ളിലെ താപനില 3 മുതൽ 5 ഡിഗ്രി വരെ കുറയ്ക്കും.ഇതിനൊപ്പം ടെറസിൽ വെളുത്ത പെയിന്റോ ‘സോളാർ റിഫ്ലക്റ്റീവ്’ പെയിന്റോ അടിക്കുന്നത് വെയിലിനെ പ്രതിഫലിപ്പിച്ചു വിടാൻ സഹായിക്കും.
ടെറസിൽ ഗ്രോബാഗുകൾ വെച്ച് കൃഷി ചെയ്യുന്നതും അതിനു മുകളിൽ ഗ്രീൻ നെറ്റ് കെട്ടുന്നതും വീടിനുള്ളിൽ സ്വാഭാവിക തണുപ്പ് നൽകും.

കാറ്റ് സുഗമമായി സഞ്ചരിക്കട്ടെ

വീടിന്റെ എതിർവശങ്ങളിലുള്ള ജനാലകൾ ഒരേസമയം തുറന്നിടുന്നത് വായുസഞ്ചാരം വർദ്ധിപ്പിക്കും. ചൂടുവായുവിന് ഭാരം കുറവായതിനാൽ അത് എപ്പോഴും മുകളിലേക്ക് ഉയരും. അതിനാൽ മുകളിലത്തെ നിലയിലുള്ള ജനാലകൾ തുറന്നിടുന്നത് വഴി ചൂട് വായു പെട്ടെന്ന് പുറത്തുപോകും.

വീടിനുള്ളിൽ ചെടികൾ വളർത്താം

മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാനും തണുപ്പ് നൽകാനും ഇൻഡോർ പ്ലാന്റുകൾ സഹായിക്കും
സ്നേക്ക് പ്ലാന്റ്
മണിപ്ലാന്റ്
ഇവ അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്തുകയും ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നു.ഇതിനൊപ്പം ഒരു ബക്കറ്റ് വെള്ളം മുറിക്കുള്ളിൽ വെക്കുന്നതും ചൂട് കുറയ്ക്കും.

ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഉപയോഗം

പഴയ ബൾബുകൾ കൂടുതൽ ചൂട് പുറത്തുവിടുന്നവയാണ്, അവ മാറ്റി എൽഇഡി ഉപയോഗിക്കുക.
അനാവശ്യ പ്ലഗ്ഗുകൾ ഊരിയിടുക: ടിവി, കമ്പ്യൂട്ടർ തുടങ്ങിയവ ഉപയോഗമില്ലാത്തപ്പോൾ ഓഫ് ചെയ്യുന്നത് മുറിയിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

ഈ ലളിതമായ മാറ്റങ്ങളിലൂടെ വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കും.പ്രകൃതിദത്തമായ ഇത്തരം മാർഗങ്ങളിലൂടെ കറന്റ് ബില്ല് പേടിക്കാതെ നമുക്ക് ഈ വേനൽക്കാലം കൂളാക്കാം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *