റഷ്യയിൽനിന്ന് ആഭ്യന്തര സർവീസുകൾക്കായി 105 II-114-300 യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ധാരണയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ഇന്നോപ്രോം പ്രദർശനത്തോടനുബന്ധിച്ചാണ് കരാറുകൾ പ്രഖ്യാപിച്ചത്. 68 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറുവിമാനങ്ങളാണ് ഈ ശ്രേണിയിലുള്ളത്. വിമാനങ്ങൾ വാങ്ങുന്ന കമ്പനികളിൽ എയർ കേരളയും ഉൾപ്പെടുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് (യുഎസി) വിമാനങ്ങൾ നൽകുന്നത്. കരാർ പ്രകാരം പിനാക്കിൾ എയർ 50 വിമാനങ്ങളും എയർ കേരള 20 വിമാനങ്ങളും സ്ലീക്ക് ഏവിയേഷൻ 35 വിമാനങ്ങളും വാങ്ങും. ഇതോടെ മൂന്ന് കമ്പനികൾക്കുമായി ആകെ 105 വിമാനങ്ങളാണ് ലഭിക്കുക. ഇന്ത്യയിലെ പ്രാദേശിക വ്യോമയാന ശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ചെറിയ റൺവേകളും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമുള്ള വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്താൻ കഴിയുന്ന തരത്തിലാണ് ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് TV7-117ST-01 എൻജിനുകളുള്ള വിമാനത്തിന് 68 യാത്രക്കാരുമായി ഏകദേശം 1,400 കിലോമീറ്റർ വരെ പറക്കാനാകും. ചെറുനഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഉഡാൻ പദ്ധതിക്ക് വിമാനങ്ങൾ സഹായകരമാകുമെന്നാണ് യുഎസിയുടെ വിലയിരുത്തൽ.





