അതിരാവിലെ ഉണരുമ്പോൾ മുതൽ അർദ്ധരാത്രിയിലെ സൗഹൃദക്കൂട്ടായ്മകളിൽ വരെ മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പാനീയമാണ് ,ഒരു വികാരമാണ്. ആ ചായപ്രേമം ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു വിപണി മുന്നേറ്റമായി മാറിയിരിക്കുകയാണ്. പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ചായ ഉപയോഗത്തിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പ്രമുഖ നഗരങ്ങളായി നമ്മുടെ സ്വന്തം കൊച്ചിയും തിരുവനന്തപുരവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ 130 നഗരങ്ങളിലെ കണക്കുകൾ പരിശോധിച്ചപ്പോൾ ഐടി നഗരമായ ബെംഗളൂരു വിപണി വലിപ്പത്തിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും, വളർച്ചാനിരക്കിന്റെ കാര്യത്തിൽ കേരളത്തിലെ ഈ രണ്ട് നഗരങ്ങളാണ് ദേശീയതലത്തിൽ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റം നടത്തുന്നത്. ഇഞ്ചി ചായ, മസാല ചായ, ഗ്രീൻ ടീ, ഏലയ്ക്കാ ചായ എന്നിവയ്ക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.
പരമ്പരാഗത തട്ടുകടകളിൽ നിന്ന് ആധുനിക കഫേകളിലേക്കും ഓൺലൈൻ ഓർഡറുകളിലേക്കും മലയാളിയുടെ ചായകുടി ശീലങ്ങൾ മാറുമ്പോഴും ചായയോടുള്ള പ്രണയം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു. വൻനഗരങ്ങളോട് മത്സരിച്ച് കൊച്ചിയും തിരുവനന്തപുരവും ഈ പട്ടികയിൽ മുൻപന്തിയിൽ ഇടംപിടിക്കുന്നത് ,കേരളത്തിലെ മാറ്റിമറിക്കപ്പെടുന്ന ബിസിനസ്സ്-ലൈഫ്സ്റ്റൈൽ സാധ്യതകളുടെ കൂടെ തെളിവാണ്. മാറിയ ഉപഭോഗസംസ്കാരവും ഓൺലൈൻ ഡെലിവറി സംവിധാനങ്ങളുടെ ജനപ്രീതിയും തുണയായ ഈ വിപണി കുതിച്ചുചാട്ടം, വരും ദിവസങ്ങളിൽ ചായ വിപണിയിൽ കൂടുതൽ പുതിയ സ്റ്റാർട്ടപ്പുകൾക്കും പ്രാദേശിക സംരംഭകർക്കും വലിയ ബിസിനസ്സ് സാധ്യതകൾ തുറന്നുനൽകുമെന്നതിൽ സംശയമില്ല.





