റെട്രോ പ്രേതങ്ങളും ന്യൂജെൻ പിള്ളേരും; വരുന്നു മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ‘കറക്കം’

ശ്രീനാഥ് ഭാസിയും ഫെമിന ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ‘കറക്കം’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ‘മ്യൂസിക്കൽ ഹൊറർ കോമഡി’ എന്ന വേറിട്ട വിഭാഗത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായതായും സെൻസർ ബോർഡിൽ നിന്ന് യുഎ (UA) 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റേയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റേയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൺപതുകളിലെ തരംഗമായിരുന്ന മൈക്കൽ ജാക്‌സൺ സംഗീതവും റെട്രോ സ്റ്റൈലും പ്രമേയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പണ്ടെങ്ങോ മരിച്ചുപോയ കുറച്ച് ആത്മാക്കൾ ആധുനിക കാലത്തെ യുവാക്കളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഇതിവൃത്തം.

സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുമെന്നാണ് ടീസർ നൽകുന്ന സൂചന. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള സിനിമയിൽ ആവേശമുണർത്തുന്ന ഗാനങ്ങളും  നൃത്തരംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ കാലത്തെ ആത്മാക്കളും ഇന്നത്തെ തലമുറയും തമ്മിലുള്ള ഈ ആത്മബന്ധം വെള്ളിത്തിരയിൽ വലിയൊരു വിരുന്നായിരിക്കുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *