ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ വെടിവയ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ മിർ ബസാറിന് സമീപം അഖ്‌റാനിലായിരുന്നു സംഭവം. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിആർപിഎഫ് അറിയിച്ചു.
ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.






