ജൽജീവൻ മിഷൻ പദ്ധതിക്കായി കേന്ദ്രം അനുവദിച്ച 4,461 കോടി രൂപ കേരളം ഇതുവരെ കൈപ്പറ്റിയിട്ടില്ല. കഴിഞ്ഞ ജൂലായിൽ തുക അനുവദിച്ചിട്ടും ആവശ്യമായ രേഖകൾ സമർപ്പിച്ച് പണം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെയോ ജല അതോറിറ്റിയുടെയോ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ല. 2024-ൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ കാലാവധി 2028 ഡിസംബർ വരെ നീട്ടിയിട്ടും ഈ അവസരം പ്രയോജനപ്പെടുത്താനാകാത്തത് പദ്ധതിയുടെ പുരോഗതിയെ ബാധിക്കുന്നു.
പദ്ധതിയുടെ ഭാഗമായി ജോലികൾ പൂർത്തിയാക്കിയ കരാറുകാർക്ക് ജല അതോറിറ്റി രണ്ടായിരം കോടിയിലധികം രൂപ നൽകാനുണ്ട്. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് ചെറുകിട കരാറുകാർ പലരും പ്രവൃത്തികൾ നിർത്തിവെച്ചു. പൈപ്പിടാൻ പൊളിച്ച ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികളും മുടങ്ങി. നേരത്തെ കരാറുകാരുടെ കുടിശ്ശിക തീർക്കാൻ നബാർഡിൽനിന്ന് 7,000 കോടി രൂപ വായ്പയെടുത്തിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്രവിഹിതം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
44,000 കോടി രൂപയുടെ പദ്ധതിയിൽ ഏകദേശം 22,000 കോടി രൂപയാണ് കേന്ദ്രം വഹിക്കേണ്ടത്. സംസ്ഥാനവും ഇതിനകം 15,000 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിനാൽ പല ഗ്രാമങ്ങളിലും കണക്ഷൻ ലഭിച്ചിട്ടും കുടിവെള്ളം എത്തുന്നില്ലെന്ന പരാതിയുണ്ട്. വെള്ളം ലഭിക്കാത്തതിനാൽ കണക്ഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറുലക്ഷത്തോളം അപേക്ഷകളും ലഭിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും.






