നീണ്ടകാലമായി സിനിമയിൽ സജീവമാണെങ്കിലും നടി ഉർവശിക്കൊപ്പം ഒരേ ഫ്രെയിമിൽ അഭിനയിക്കുമ്പോൾ ഇപ്പോഴും ഭയം തോന്നാറുണ്ടെന്ന് നടി ഖുശ്‌ബു. ഉർവശിയുടെ അസാധാരണമായ അഭിനയമികവിന് മുന്നിൽ മറ്റ് താരങ്ങളുടെ പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും ഒരേ ഫ്രെയിമിൽ തങ്ങൾ എവിടെയാണെന്ന് പോലും തിരയേണ്ടിവരുമെന്നും ഖുശ്‌ബു പറഞ്ഞു. ‘മൂക്കുത്തി അമ്മൻ 2’വിന്റെ പ്രീ-റിലീസ് പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഒരു ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് മാറുമെന്നും അത്രത്തോളം മികച്ച നടിയാണ് ഉർവശിയെന്നും ഖുശ്‌ബു പ്രശംസിച്ചു. വർഷങ്ങളായുള്ള സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. ഉർവശി തന്നെ ‘കുബു സ്വാമി’ എന്നും താൻ ഉർവശിയെ ‘പൊടി’ എന്നുമാണ് വിളിക്കുന്നതെന്നും പഴയ സൗഹൃദത്തിന് ഇന്നും മാറ്റമില്ലെന്നും താരം കൂട്ടിച്ചേർത്തു.
സിനിമ, രാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉർവശിക്കുള്ള അറിവിനെയും ഖുശ്‌ബു പ്രശംസിച്ചു. കമൽഹാസൻ ഉർവശിയെ ‘എൻസൈക്ലോപീഡിയ ഓഫ് സിനിമ’ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിൽ ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയയാണ് ഉർവശിയെന്നും ഖുശ്‌ബു പറഞ്ഞു.






