രജനീകാന്ത് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ജയിലറി’ൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മോഹൻലാൽ തന്നെയാണോ ചെയ്തത് എന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആക്ഷൻ കൊറിയോഗ്രാഫർ ചേതൻ ഡിസൂസ.
ചിത്രത്തിലെ കാറിന്റെ വേഗമേറിയ രംഗങ്ങളും ഡ്രിഫ്റ്റിങ്ങുമെല്ലാം മോഹൻലാൽ തന്നെയാണ് ചെയ്തതെന്ന് ചേതൻ വ്യക്തമാക്കി. എന്നാൽ അപകടസാധ്യതയുള്ള ചില മൂവ്‌മെന്റുകൾ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രീകരിച്ചത്. കാലിന്റെ ചില ഷോട്ടുകൾക്കായി മറ്റൊരാളെ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ കഥാപാത്രത്തിന് ചിത്രത്തിൽ കൂടുതൽ ദൈർഘ്യം ലഭിക്കാത്തതിനെക്കുറിച്ചും ചേതൻ പ്രതികരിച്ചു. താൻ ചിത്രീകരിച്ച നിരവധി രംഗങ്ങൾ ഫൈനൽ കട്ടിൽ ഒഴിവാക്കിയിട്ടുണ്ടെന്നും ഏതൊക്കെ രംഗങ്ങൾ ഉൾപ്പെടുത്തണമെന്നത് സംവിധായകന്റെയും നിർമാതാവിന്റെയും തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






