ദേശീയപാതാ നിർമാണ മേഖലകളിലെ റോഡ് സുരക്ഷാവീഴ്‌ചകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഉദ്യോഗസ്ഥസംഘത്തിന് രൂപം നൽകും. മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടർമാരുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ നിർമാണമേഖലകൾ നേരിട്ട് പരിശോധിക്കും.
നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങൾ ഗതാഗതത്തിനായി തുറക്കുമ്പോൾ താത്കാലിക ലൈറ്റുകളും ദിശാസൂചകങ്ങളും നിർബന്ധമാക്കും. വൈദ്യുതി ലഭ്യമല്ലാത്തിടത്ത് ജനറേറ്റർ ഉപയോഗിക്കും. സുരക്ഷാവീഴ്‌ചകൾ കണ്ടെത്തിയാൽ ദേശീയപാതാ അധികൃതരോട് അടിയന്തരമായി പരിഹരിക്കാൻ നിർദേശിക്കും. പണി പൂർത്തിയായ മേഖലകളിൽ ഒരുമാസത്തിനകം സ്ഥിരം തെരുവുവിളക്കുകളും സ്ഥാപിക്കും.
സ്കൂളുകൾക്ക് സമീപവും പ്രധാന കവലകളിലും റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലങ്ങൾ നിർമിക്കാനും തീരുമാനിച്ചു. രണ്ടാഴ്ച കൂടുമ്പോൾ സുരക്ഷാ നടപടികൾ അവലോകനം ചെയ്യും. ദേശീയപാതയ്ക്ക് സമീപം വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകും. ഇതിനായി പൊതുമരാമത്ത് വകുപ്പിന് ചുമതല നൽകി.





