നീറ്റ് യുജി ചോദ്യപേപ്പർ സുരക്ഷയ്ക്കായി സേനയുടെ സഹായം തേടാൻ കേന്ദ്രസർക്കാർ

ജൂൺ 21-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പുനപ്പരീക്ഷ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി പ്രതിരോധസേനയുടെ സഹായം തേടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ചോദ്യപേപ്പർ കൃത്യസമയത്ത് സുരക്ഷിതമായി വിതരണം ചെയ്യുന്നതിനായി വായുസേനയുടെ സഹായം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

മേയ് മൂന്നാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് പുനപ്പരീക്ഷയ്ക്ക് സർക്കാർ ഇത്രയും വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
ചോദ്യപേപ്പറിന്റെ സുരക്ഷിതമായ വിതരണത്തിനായി വായുസേനയെക്കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് ഒരു വാർത്താചാനലിനോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ മാസത്തിലെ പ്രതികൂല കാലാവസ്ഥയും പരീക്ഷയുടെ സുരക്ഷയും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

നേരത്തെ തപാൽ വകുപ്പ് വഴിയായിരുന്നു ചോദ്യപേപ്പർ വിതരണം നടത്തിയിരുന്നത്. വായുസേനയുടെ സഹായം കൂടി ലഭ്യമാക്കുന്നതോടെ ചോദ്യപേപ്പറുകൾ സമയബന്ധിതമായി സുരക്ഷിതമായി തന്നെ അതത് കേന്ദ്രങ്ങളിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പരീക്ഷ സുതാര്യവും കുറ്റമറ്റതുമായി നടത്തുന്നതിന് സർക്കാർ പൂർണസജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുമായി ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, കമ്യൂണിക്കേഷൻസ് വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിലാണ് ചോദ്യപേപ്പർ വിതരണത്തിന് വായുസേനയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന നിർദേശം ഉയർന്നുവന്നത്. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനും പരീക്ഷാ നടത്തിപ്പിലെ ആശങ്കകൾ പരിഹരിക്കാനും സർക്കാർ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories