പഹൽഗാമിൽ പൊലിഞ്ഞ 26 ജീവനുകൾക്ക് പകരം ചോദിക്കാൻ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ കണ്ടെത്തിയ മാർഗമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ശത്രുവിന്റെ കോട്ടകളിൽ ചെന്ന് പ്രഹരിക്കാൻ ഇന്ത്യയ്ക്ക് മടിയില്ലെന്ന് തെളിയിച്ച ആ ചരിത്രദിനത്തിന് ഇന്ന് ഒരാണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കം, ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ദിനത്തിൽ വീഡിയോ പങ്കുവെച്ച് ഓർമ്മിപ്പിക്കുകയാണ് ഇന്ത്യൻ വ്യോമസേന.
“ഓപ്പറേഷൻ സിന്ദൂർ, നീതി നടപ്പിലാക്കി. കൃത്യതയാർന്ന നടപടി, മായാത്ത ഓർമ്മ – ഓപ്പറേഷൻ സിന്ദൂർ തുടരുന്നു. ഇന്ത്യ ഒന്നും മറക്കില്ല. ഇന്ത്യ ഒന്നിനും മാപ്പ് നൽകില്ല” എന്നീ വാക്കുകൾ ഔദ്യോഗിക പോസ്റ്റിൽ കുറിച്ചുകൊണ്ട്, ദൗത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ നിർമ്മിച്ചിട്ടുള്ളത്. സായുധസേനകൾ തമ്മിലുള്ള ഐക്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂറിനെ വിദഗ്ധർ വിലയിരുത്തുന്നു.
2025 മേയ് ഏഴിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. 25 മിനിറ്റ് നീണ്ട കൃത്യമായ വ്യോമാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ നാമവശേഷമായി. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിൽപ്പെട്ട നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്. പാകിസ്ഥാന്റെ വ്യോമതാവളങ്ങളും സൈനികാടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ തകർത്തു. ഭീകരതയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത തിരിച്ചടി തുടരുമെന്നതിന്റെ വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ.





