മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവെച്ച രാജേഷ്… മരണശേഷവും അദ്ദേഹത്തിന് അർഹിച്ച ആദരവ് ലഭിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരം ജില്ലയിലേക്കുള്ള ദീർഘയാത്ര ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് അവർ പറയുന്നു. യാത്രയ്ക്കിടെ ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് ചാവക്കാട് വെച്ചാണ് മൃതദേഹം മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മാറ്റിയത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി.
മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) റിപ്പോർട്ട് തേടി. സംഭവത്തിൽ വീഴ്ച സംഭവിച്ചതായി ജില്ലാ കളക്ടറും സമ്മതിച്ചു. ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ഒരുക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അതിന് സാമ്പത്തിക തടസ്സമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ച് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി.





